മകൾ പൈലറ്റായി, അച്ഛൻ യാത്രക്കാരനും; കൊച്ചിൻ - ബഹ്‌റൈൻ വിമാനത്തിൽ അപൂർവ യാത്ര
തൃപ്രയാർ: മകൾ പറത്തിയ വിമാനത്തിൽ യാത്രക്കാരനായി വേൾഡ് മലയാളി കൗൺസിൽ മുൻ പ്രസിഡന്റും കണ്ണൂർ സ്വദേശിയുമായ സതീഷ് മുതലയിൽ. മകൾ ശ്രുതി സതീഷ് (32) പൈലറ്റായ ഇൻഡിഗോയുടെ കൊച്ചിൻ - ബഹ്‌റൈൻ വിമാനത്തിലാണ് ആർക്കിടെക്ടായ സതീഷ് യാത്ര ചെയ്തത്. നെടുമ്പാശേരിയിൽ നിന്ന് ശനിയാഴ്ച വൈകിട്ട് ഏഴരയ്ക്കുള്ള വിമാനത്തിലായിരുന്നു ഈ അപൂർവത. ബഹ്‌റിനിലാണ് സതീഷിന്റെ താമസം.
നാട്ടിക സ്വദേശിയും പൈലറ്റുമായ ദേവരാജ് ഇയ്യാനിയുടെ ഭാര്യയാണ് ശ്രുതി. ദേവരാജ് മുമ്പ് കോസ്റ്റ് ഗാർഡിൽ കമൻഡാന്റായിരുന്നു. ശ്രുതി ഡെപ്യൂട്ടി കമൻഡാന്റും. ഒന്നര വർഷം മുൻപ് വിരമിച്ച ഇരുവരും തുടർന്നാണ് ഇൻഡിഗോയിലെത്തിയത്. ഗൾഫിലേക്കും മാലിദ്വീപിലേക്കുമുള്ള എയർബസ് എ 320 വിമാനങ്ങളാണ് ഇരുവരും പറത്തുന്നത്. ഒപ്പം ആഭ്യന്തര സർവീസുകളും നടത്തുന്നു.
18-ാം വയസിലാണ് ഇരുവരും ഇന്ത്യൻ നേവൽ അക്കാഡമിയിൽ പൈലറ്റായത്. അന്ന് ചെറുപ്പം കുറഞ്ഞ പൈലറ്റായിരുന്നു ശ്രുതി. '2018" സിനിമയിൽ ഗർഭിണിയെ എയർലിഫ്റ്റ് ചെയ്യുന്ന സീനിൽ ടൊവിനോ തോമസിനൊപ്പം ദേവരാജും അഭിനയിച്ചിരുന്നു. ലീനയാണ് ശ്രുതിയുടെ മാതാവ്. മസ്‌കറ്റിലുള്ള നാട്ടിക സ്വദേശി രാജൻ ഇയ്യാനിയുടെയും സജിലയുടെയും മകനാണ് ദേവരാജ്.
കുടുംബത്തിൽ നാല് പൈലറ്റ്
ദേവരാജിന്റെ സഹോദരൻ ശ്രീരാജും പൈലറ്റാണ്. മൂന്നു പേരും ഇൻഡിഗോ എയർലെൻസിലാണ് ജോലി ചെയ്യുന്നത്. ശ്രീരാജിന്റെ ഭാര്യ സ്‌നേഹ പൈലറ്റ് ട്രെയിനിംഗിന്റെ അവസാന ഘട്ടത്തിലാണ്. സ്‌നേഹ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടറായിരുന്നു.
പൈലറ്റായാൽ ഇന്ത്യൻ മിലിട്ടറിയിൽ സാദ്ധ്യത വളരെ കൂടുതലാണ്. മലയാളികൾ കൂടുതൽ ഈ രംഗത്തേക്ക് വരണം. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ പ്രത്യേക ശ്രദ്ധവച്ചാൽ ഈ മേഖലകളിലേക്ക് വേഗത്തിലെത്താനാകും
ദേവരാജ് ഇയ്യാനി.