4.68 കോടിയുടെ തിരിമറി: യുവതിക്ക് വിനയായത് ഇൻസ്റ്റഗ്രാം സൗഹൃദം
കൊച്ചി: ജോലി ചെയ്യുന്ന സ്വകാര്യ ടൂർ ആൻഡ് ട്രാവൽസ് സ്ഥാപനത്തിൽ 4.68 കോടി രൂപ തിരിമറി നടത്തിയതിന് അറസ്റ്റിലായ യുവതിക്ക് വിനയായത് ഇൻസ്റ്റഗ്രാം സൗഹൃദം. രണ്ട് കൊല്ലം മുൻപ് സമൂഹമാദ്ധ്യമത്തിൽ പരിചയപ്പെട്ട സിംഗപ്പൂർ സ്വദേശിയാണ് 20 മാസം കൊണ്ടാണ് യുവതിയിൽ നിന്ന് കോടികൾ തട്ടിയത്.
യുവതിയുടെ സ്മാർട്ട്ഫോണും ഓൺലൈൻ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നിലെ ഇൻസ്റ്റഗ്രാം ബന്ധം ചുരുളഴിഞ്ഞത്.
സിംഗപ്പൂർ സ്വദേശി സിവിൽ എൻജിനിയറെന്നാണ് പരിചയപ്പെടുത്തിയത്. ചെ എന്നാണ് ഇയാളുടെ പേര്. ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും സൗഹൃദത്തിലായി. ഇതിനിടെ ഇയാൾ ഒമാനിലേക്ക് പോയതായി യുവതിയെ അറിയിച്ചു. അവിടെ വച്ച് തന്റെ രേഖകൾ നഷ്ടമായെന്നും ബാങ്ക്അക്കൗണ്ട് മരവിച്ചെന്നും യുവതിയോട് പറഞ്ഞു. ബാങ്ക് അക്കൗണ്ട് അൺലോക്ക് ചെയ്യാൻ പണം ആവശ്യപ്പെട്ടതോടെ യുവതി സ്വർണാഭരണങ്ങൾ പണയപ്പെടുത്തി 10 ലക്ഷം രൂപ അയച്ചുകൊടുത്തു. കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് സ്ഥാപനത്തിൽ തിരിമറി കാട്ടിയത്.
സെയിൽസ് എക്സിക്യുട്ടിവായ പ്രിയങ്കയാണ് രണ്ട് എയർലൈനുകളുമായുള്ള സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത്. എയർലൈനുകൾക്ക് നൽകേണ്ട പണമാണ് വകമാറ്റി സിംഗപ്പൂർ സ്വദേശിക്ക് നൽകിയത്. യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ബന്ധുക്കൾക്ക് ഇതേപ്പറ്റി അറിവില്ല.
യുവതിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. കേസ് കൊച്ചി സൈബർ പൊലീസിന് കൈമാറിയേക്കുമെന്നാണ് സൂചന. പ്രിയങ്ക ജുഡിഷ്യൽ റിമാൻഡിലാണ്.