രാഹുൽ രാജി വച്ചാൽ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് സാദ്ധ്യത വിരളം

Monday 25 August 2025 12:40 AM IST

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജി വച്ചാലും, പാലക്കാട്ട്

ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത കുറവ് .കോൺഗ്രസ് ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്.

ഒരു ജനപ്രതിനിധി രാജി വയ്ക്കുകയോ,അയോഗ്യനാവുകയോ, മരണമടയുകയോ

ചെയ്താൽ ആ മണ്ഡലത്തിൽ ആറ് മാസത്തിനുള്ളിൽ ഉപ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാൽ, സഭയ്ക്ക് തുടർന്നും ഒരു വർഷമോ അതിലധികമോ കാലവധിയുണ്ടാകണമെന്ന വ്യവസ്ഥയും ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പിലുണ്ട്. കേരളത്തിൽ നിലവിലെ നിയമസഭയുടെ കാലാവധി മേയ് 23 വരെയാണ്. കാലാവധി തീരാൻ ഇനി ഒൻപത് മാസമേ ബാക്കിയുള്ളൂ. അതിനാൽ, ഉപ തിരഞ്ഞെടുപ്പിന് സാദ്ധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് സമാനമായ രീതിയിൽ ഒഴിവു വന്ന അംബാല, പുനെ, ചന്ദ്രപ്പൂർ, ഗാസിപ്പൂർ തുടങ്ങിയ മണ്ഡലങ്ങളിൽ കമ്മിഷൻ ഉപ തിരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല. പാലക്കാട്ട് ഉപ തിരഞ്ഞെടുപ്പ് തീരുമാനിച്ചാൽ തന്നെ, പീരുമേട് എം.എൽ.എ വാഴൂർ സോമന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ അവിടെയും ഉപ തിരഞ്ഞെടുപ്പ് വേണ്ടി വരും.രാഹുൽ രാജി വച്ചാൽ ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെടില്ലെന്ന് ബി.ജെ.പിയും വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, ഇനിയൊരു ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം.

പാലക്കാട്ട് കഴിഞ്ഞ നവംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ബി.ജെ.പിയേക്കാൾ 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തുടർച്ചയായ രണ്ടാം തവണയും പാലക്കാട് നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയാണ്. 52 അംഗങ്ങളുള്ള നഗരസഭയിൽ പാർട്ടിക്ക് 28 കൗൺസിലർമാരുണ്ട് . പക്ഷേ, ഉപതിരഞ്ഞെടുപ്പിൽ നഗരസഭാ പരിധിയിലെ ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ പാർട്ടിക്ക് വോട്ട് നഷ്ടമായി. മെട്രോമാൻ ഇ.ശ്രീധരൻ 6000 വോട്ടിന്റെ ലീഡ് നേടിയിരുന്ന നഗരസഭയിൽ ബി.ജെ.പി 4590 വോട്ടുകൾക്ക് പിന്നിലായി. സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിച്ച് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ

നേരിടാനുള്ള ഒരുക്കത്തിലാണ് പാർട്ടി.