രാഹുലിനെതിരെ കെ.സിയുടെ ഭാര്യ
കോഴിക്കോട്: ഒരു വ്യക്തിയെക്കുറിച്ച് മാദ്ധ്യമങ്ങൾ ദിവസവും പുറത്തുവിടുന്ന വാർത്തകൾ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് കാട്ടി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അദ്ധ്യാപികയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഭാര്യയുമായ ആശയുടെ ഫേസ് ബുക്ക് കുറിപ്പ്. രാഹുലിന്റെ പേരുപറയാതെയുള്ള കുറിപ്പ് വലിയ ചർച്ചയായതോടെ പിൻവലിച്ചു.
''പെൺകുട്ടികളെ സ്‌നേഹം നടിച്ച് വലയിൽ വീഴ്ത്താൻ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞുപോകുന്ന മെസേജുകൾ അയയ്ക്കാൻ പറ്റുമെന്നും ഗൂഗിൾ പേയിലും മെസേജുകൾ അയയ്ക്കാൻ പറ്റുമെന്നും സ്‌ക്രീൻഷോട്ട് എടുക്കാൻ പറ്റാത്തവിധത്തിൽ മെസേജ് അയയ്ക്കാൻ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോകോൾ ചെയ്യാൻ കഴിയുമെന്നൊക്കെ വാർത്തകളിലൂടെയാണ് ഞാൻ മനസിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികൾ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകൾ ഭയന്ന് ഇയാളെപ്പറ്റി ചർച്ച ചെയ്യുകയാണ്. പറഞ്ഞുവരുന്ന കാര്യങ്ങളിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് വരും ദിവസങ്ങളിലേ അറിയാൻ കഴിയൂ. വല്ലാത്ത വിഷമമുണ്ട്. ഒന്നും പറയാതെ മിണ്ടാതിരിക്കാൻ ആവുന്നുമില്ല.'' എന്നായിരുന്നു ഫേസ് ബുക്ക് കുറിപ്പ്.