സഞ്ജു സ്പെഷ്യൽ സൺഡേ, കൊല്ലം സെയ്ലേഴ്സിനെ ചേസ് ചെയ്ത് വീഴ്ത്തി കൊച്ചി
സഞ്ജു സാംസണിന് സെഞ്ച്വറി (51 പന്തുകളിൽ 121 റൺസ്)
തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഞായറാഴ്ച ഒഴുകിയെത്തിയ 11000 കാണികൾക്ക് മുന്നിൽ സ്പെഷ്യൽ സെഞ്ച്വറി ഷോയുമായി സഞ്ജു സാംസൺ നിറഞ്ഞാടിയപ്പോൾ പിറന്നത് ചരിത്രം. കെ.സി.എല്ലിലെ തന്നെ ഏറ്റവും ഉയർന്ന ചേസിംഗ് വിജയമാണ് ഇന്നലെ കൊല്ലം സെയ്‌ലേഴ്സിനെതിരെ സഞ്ജുവിന്റെ കൊച്ചി ബ്ളൂ ടൈഗേഴ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് 236/5 എന്ന സ്കോർ ഉയർത്തിയ കൊല്ലത്തിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ അവസാനപന്തിലാണ് കൊച്ചി വിജയിച്ചത്. 51 പന്തുകളിൽ 14 ഫോറുകളും ഏഴു സിക്സുകളുമായി തകർത്താടുകയായിരുന്ന സഞ്ജു പുറത്തായശേഷം 18 പന്തുകളിൽ അഞ്ച് സിക്സും മൂന്നുഫോറുമടക്കം 45 റൺസടിച്ച മുഹമ്മദ് ആഷിഖാണ് വിജയത്തിലത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്സിന് വേണ്ടി സച്ചിൻ ബേബിയും(91) വിഷ്ണു വിനോദും (94) ചേർന്ന് നിശ്ചിത 20 ഓവറിൽ 236/5 എന്ന ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോറാണ് കെട്ടിപ്പെടുത്തത്. മൂന്നാം ഓവറിൽ അഭിഷേക് നായർ(11) പുറത്തായശേഷം ക്രീസിൽ ഒരുമിച്ച സച്ചിനും വിഷ്ണുവും ചേർന്ന് 143 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. വിഷ്ണുവിനോദ് 41 പന്തുകളിൽ മൂന്നുഫോറും 10 സിക്സും പറത്തിയപ്പോൾ സച്ചിൻ ബേബി 44 പന്തുകളിൽ ആറുവീതം ഫോറും സിക്സുമടിച്ചു.
മറുപടിക്കിറങ്ങിയ കൊച്ചിൻ ബ്ളൂടൈഗേഴ്സിനായി സഞ്ജു ഓപ്പണറായി എത്തുകയായിരുന്നു. തുടക്കം മുതൽ ഫോറുകളും സിക്സുകളും പായിച്ച സഞ്ജു ബാറ്റിംഗ് നന്നായി ആസ്വദിച്ചു. വിനൂപ് (11),ഷാനു(39), സലി(5),നിഖിൽ(1) എന്നിവർ പുറത്തായെങ്കിലും സഞ്ജു ടീമിനെ മാന്യമായ നിലയിലേക്ക് എത്തിച്ചശേഷമാണ് മടങ്ങിയത്.
കെ.സി.എല്ലിലെ ഏറ്റവും ഉയർന്ന ചേസ്
ആദ്യ പന്തുതന്നെ ബൗണ്ടറി പറത്തിയ സഞ്ജു ആദ്യ ഓവറിൽ രണ്ടുഫോറും ഒരു സിക്സുമടക്കം നേടിയത് 14 റൺസ്.
മൂന്നാം ഓവറിൽ ഷറഫുദ്ദീനെതിരെ തുടർച്ചയായി പായിച്ചത് നാലു ഫോറുകൾ.
നാലാം ഓവറിൽ ബിജു നാരായണനെതിരെ ഒരു സിക്സും മൂന്ന് ഫോറുകളും.
16 പന്തുകളിൽ നിന്ന് സഞ്ജു അർദ്ധസെഞ്ച്വറി തികച്ചു.
ആറാം ഓവറിൽ ഷറഫുദ്ദീനെതിരെ രണ്ട് വീതം ഫോറും സിക്സുമടക്കം 22 റൺസ്.
42 പന്തുകളാണ് സഞ്ജുവിന് സെഞ്ച്വറിയിലെത്താൻ വേണ്ടിവന്നത്.
19.1-ാം ഓവറിൽ അജയഘോഷിന്റെ പന്തിൽ സഞ്ജു പ്ളേയ്ഡ് ഓൺ ആവുകയായിരുന്നു.