ലഹരിക്കെതിരെ പോരാടാൻ അസറുദ്ദീൻ ആലപ്പുഴയിൽ
ആലപ്പുഴ: ലഹരിക്കെതിരെയുള്ള പോരാട്ടം രാജ്യവ്യാപകമായി തുടങ്ങണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ അസറുദ്ദീൻ പറഞ്ഞു. അത്‌ലറ്റിക്കോ ഡി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് റൺ ഫ്ളാഗ് ഒഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനാലാം വയസിൽ സ്പോർട്സ് ജീവിതം ആരംഭിച്ചത് തിരുവനന്തപുരത്ത് നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. കായിക വിനോദം ലഹരിക്കെതിരെയുള്ളതാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് മാരത്തോണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അത്‌ലറ്റുകൾ സ്പോർട്സാണ് ലഹരി എന്ന സന്ദേശവുമായി പങ്കെടുത്തു. റിട്ട അദ്ധ്യാപകനായ കഞ്ഞിക്കുഴി സ്വദേശി ശങ്കുണ്ണി (92) പത്ത് കിലോമീറ്റർ ഓടിയപ്പോൾ മൂന്ന് വയസുള്ള സിയാൻ 3 കിലോമീറ്റർ ഫൺറൺ വിഭാഗത്തിൽ പങ്കെടുത്ത് മാതൃകയായി. 10 കിലോമീറ്റർ, 5 കിലോമീറ്റർ, 3 കിലോമീറ്റർ ഫൺറൺ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
അസറുദ്ദീന് ആലപ്പുഴയുടെ ഉപഹാരമായ ചുണ്ടൻ വള്ളം അത്‌ലറ്റിക്കോ ഡി പ്രസിഡന്റ് അഡ്വ.കുര്യൻ ജയിംസ് സമ്മാനിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ്, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, ദീപക്ക് ദിനേശ്, യൂജിൻ ജോർജ്ജ്, ഡോ.എസ്.രൂപേഷ്, ഹാഷിം ബഷീർ, സജി തോമസ്, പ്രജീഷ് ദേവസ്യ, ഡോ.തോമസ് മാത്യു, ഫിലിപ്പ് തോമസ്, കെ.നാസർ, എ.വി.ജെ. ബാലൻ, റോജസ് ജോസ് എന്നിവർ സംസാരിച്ചു.