കത്തിക്കയറി കാലിക്കറ്റ്
കെ.സി.എല്ലിൽ ആദ്യ ജയവുമായി കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്
ഏഴുവിക്കറ്റിന് ട്രിവാൻഡ്രം റോയൽസിനെ തോൽപ്പിച്ചു
തിരുവനന്തപുരം : കെ.സി.എല്ലിൽ പുതിയ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റിരുന്ന കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ കാലിക്കറ്റ് ഗ്ളോബ്‌സ്റ്റാർസിന് ആദ്യ വിജയം. ഇന്നലെ ട്രിവാൻഡ്രം റോയൽസിനെ ഏഴുവിക്കറ്റിനാണ് ഗ്ളോബ്സ്റ്റാർസ് തോൽപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത റോയൽസ് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 173 റൺസടിച്ചു. ക്യാപ്ടൻ കൃഷ്ണപ്രസാദിന്റെ അർദ്ധസെഞ്ച്വറിയാണ് (78) റോയൽസിന് കരുത്തായത്. മറുപടിക്കിറങ്ങിയ കാലിക്കറ്റിനായി 68/3 എന്ന നിലയിൽ ക്രീസിൽ ഒരുമിച്ച നായകൻ സൽമാൻ നിസാറും (51*) അഖിൽ സ്കറിയയും (68*) നാലാം വിക്കറ്റിൽ നടത്തിയ പോരാട്ടം വിജയം നൽകി.പുറത്താകാതെ അർദ്ധ സെഞ്ച്വറി നേടുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അഖിൽ സ്കറിയയാണ് കളിയിലെ താരം.
നേരത്തേ 54 പന്തുകളിൽ രണ്ടുഫോറും അഞ്ച് സിക്സുമടക്കമാണ് കൃഷ്ണപ്രസാദ് 78 റൺസടിച്ചത്.സുബിൻ (23),റിയ ബഷീർ(13), ഗോവിന്ദ ദേവ് പൈ(4), അബ്ദുൽ ബാസിത്(24),നിഖിൽ .എം (5), ബേസിൽ തമ്പി (7) എന്നിവരുടെ വിക്കറ്റുകളും റോയൽസിന് നഷ്ടമായി. നാലോവറിൽ 32റൺസ് വഴങ്ങിയാണ് അഖിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
നായകൻ രോഹൻ കുന്നുമ്മൽ (12), അജിനാസ് (5), സച്ചിൻ സുരേഷ് (28) എന്നിവർ പുറത്തായശേഷമാണ് സൽമാനും അഖിലും ചേർന്ന് കത്തിക്കയറിയത്. അഖിൽ 32 പന്തിൽ മൂന്നുഫോറും ആറ് സിക്സും പറത്തിയപ്പോൾ സൽമാൻ 34 പന്തുകളിൽ അഞ്ചുഫോറും മൂന്ന് സിക്സും പായിച്ചു.