ശത്രുസംഹാര പുജാരയ്ക്ക് പര്യവസാനം

Monday 25 August 2025 12:59 AM IST

മുംബയ് : വിദേശ പിച്ചുകളിൽ പേസർമാരുടെ തീപാറുന്ന പന്തുകളെ നേരിട്ട് ഒരുപതിറ്റാണ്ടിലേറെ ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ക്രിക്കറ്ററായി വാണ ചേതേശ്വർ പുജാര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചു. പന്തുകൊണ്ട് പലതവണ പരിക്കേറ്റിട്ടും പതറാതെ പിടിച്ചുനിന്ന പുജാരയുടെ ഇന്നിംഗ്സുകൾ ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളുടെ ആണിക്കല്ലായിരുന്നു. 2010ൽ ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്ക് എതിരെ അരങ്ങേറി, രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയെന്ന് വാഴ്ത്തപ്പെട്ട പുജാര 2023ൽ ഓവലിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് എതിരെയാണ് അവസാനമായി കളത്തിലിറങ്ങിയതും.

യുവതലമുറയുടെ വരവോടെ ദേശീയ ടീമിൽ നിന്ന് മാറ്റിനിറുത്തപ്പെട്ട പുജാര ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്ക് വേണ്ടിയും ഇംഗ്ളീഷ് കൗണ്ടിൽ ക്രിക്കറ്റിൽ സസക്സിനും വേണ്ടി കളിച്ചിരുന്നു. കൗണ്ടിയിൽ യോർക്ക്ഷെയർ,ഡെർബിഷെയർ,നോട്ടിംഗ്ഹാംഷെയർ എന്നീ ടീമുകൾക്കും ഐ.പി.എല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബ്,ആർ.സി.ബി,ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകൾക്ക് വേണ്ടിയും കളത്തിലിറങ്ങി.

2018-19ലെ ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടാനായതിൽ പുജാരയുടെ പങ്ക് എക്കാലവും ഓർമ്മിക്കപ്പെടും. ആ പരമ്പരയിൽ 1258 പന്തുകൾ നേരിട്ട് 521 റൺസാണ് നേടിയത്. മൂന്ന് സെഞ്ച്വറികളുമടിച്ചു. ഓസീസ് മണ്ണിൽ ഇന്ത്യ തുടർച്ചയായി നേടിയ ബോർഡർ-ഗാവസ്‌കർ ട്രോഫി വിജയങ്ങളിൽ പുജാരയുടെ പങ്ക് വലുതായിരുന്നു.

ദേശീയ ടീമിലേക്ക് ഒരു തിരിച്ചുവരവ് കൊതിച്ചിരുന്നെങ്കിലും വഴിയടഞ്ഞുവെന്ന് ഉറപ്പായപ്പോഴാണ് ആർ.അശ്വിനും വിരാട് കൊഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും പിന്നാലെ പുജാരയും പടിയിറങ്ങുന്നത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ സുവർണകാലഘട്ടത്തിലെ ടീമിന്റെ നെടുംതൂണുകളിലൊന്നാണ് പുജാരയുടെ വിരമിക്കലോടെ നഷ്ടമായത്.ഫസ്റ്റ് ഡൗൺ പൊസിഷനിൽ ഇറങ്ങിയിരുന്ന പുജാര എതിർബൗളർമാരെ ആത്മബലത്തോടെ നേരിട്ട് പന്ത് പതംവരുത്തി മറ്റ്ബാറ്റർമാർക്ക് ബാറ്റിംഗ് ഈസിയാക്കുക എന്ന തന്റെ റോൾ സുന്ദരമായി നിർവഹിച്ചതാണ് പലവിജയങ്ങൾക്കും അടിറയായത്.

103

ടെസ്റ്റുകളിൽ നിന്ന് 19 സെഞ്ച്വറികളും 35 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 43.60 ശരാശരിയിൽ 7,195 റൺസ് സമ്പാദ്യം. നേടി. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എട്ടാമത്തെ ഏറ്റവും ഉയർന്ന റൺ സ്‌കോറർ.

206*

അഹമ്മദാബാദിൽ 2012ൽ ഇംഗ്ളണ്ടിനെതിരെ നേടിയ 206 റൺസാണ് പുജാരയുടെ ടെസ്റ്റ് കരിയറിലെ ഉയർന്ന സ്കോർ.

5

ഏകദിനങ്ങളിൽ മാത്രമാണ് കളിച്ചത്. 51 റൺസ് സമ്പാദ്യം.2013ൽ സിംബാബ്‌വേയ്ക്ക് എതിരെ ആദ്യ ഏകദിനം. 2014ൽ ബംഗ്ളാദേശിനെതിരെ അവസാന ഏകദിനം.

278

ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ 66 സെഞ്ച്വറികളും 81 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 21301 റൺസ് സമ്പാദ്യം.

ഇന്ത്യൻ ജഴ്‌സിയണിഞ്ഞ്, ദേശീയഗാനമാലപിച്ച്, കളിക്കളത്തിലിറങ്ങിയപ്പോഴെല്ലാം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിച്ചത്. നല്ല കാര്യങ്ങൾക്കെല്ലാം ഒരു അവസാനമുണ്ട്. എല്ലാവർക്കും നന്ദിയോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നു

- ചേതേശ്വർ പുജാര