ചുവന്ന 'പട്ട്' ചീര കൃഷി, വിറ്റുവരവ് ഒന്നര ലക്ഷം
കൊല്ലം: സ്വന്തമായുള്ള 50 സെന്റിലും പാട്ടത്തിനെടുത്ത ഒന്നര ഏക്കറിലുമായി നാടൻ ഇനമായ ചുവന്ന 'പട്ട്' ചീര കൃഷി. ദുബായിലെ ജോലി ഉപേക്ഷിച്ച് മൂന്നുവർഷം മുമ്പ് നാട്ടിലെത്തി ചീര കൃഷി തുടങ്ങിയ സിദ്ദിഖിന് സീസൺ സമയത്തെ വിറ്റുവരവ് മാസം ഒന്നരലക്ഷത്തോളം രൂപ. ഏറം തടിക്കാട്ടെ കൃഷിഭൂമിയിൽ ഒരുഭാഗം വിളവെടുപ്പിന് പാകമാകുമ്പോഴേക്കും അടുത്ത ഭാഗത്ത് പുതിയ വിളവിറക്കും. ഒരു കെട്ട് ചീരയ്ക്ക് 30 രൂപ. ഒരേക്കറിലെ ചീരക്കൃഷിക്ക് ചെലവ് 30,000 രൂപ.
ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് ദുബായിൽ ജോലി ചെയ്യുമ്പോഴായിരുന്നു കൃഷിക്കാരനായിരുന്ന പിതാവ് സൈനുലബ്ദ്ദീന്റെ മരണം. അതോടെ ജോലി ഉപേക്ഷിച്ച് തടിക്കാട് പറങ്കിമാംമുകൾ സിദ്ദിഖ് മൻസിലിൽ സിദ്ദിഖ് എന്ന 28കാരൻ നാട്ടിൽ പിതാവിന്റെ കൃഷി എറ്റെടുക്കുകയായിരുന്നു. ചെറുപ്രായം മുതൽ പിതാവിനെ കൃഷിയിൽ സഹായിച്ചിരുന്ന അനുഭവസമ്പത്ത് കരുത്തായി.
ജനുവരി മുതൽ ഏപ്രിൽ വരെയാണ് ചീര കൃഷിയുടെ സീസൺ. എങ്കിലും മഴ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയങ്ങളിലൊഴികെ വർഷം മുഴുവൻ കൃഷിയിറക്കും. ഓണക്കാല വിപണി ലക്ഷ്യമിട്ട് 50 സെന്റിൽ വാഴക്കൃഷിയുമുണ്ട്. മാതാവ് റഷീദ ബീവിയും സഹോദരി സുബീനയും എല്ലാവിധ പിന്തുണയും നൽകുന്നു.
ആവശ്യക്കാരേറെ
മണ്ണ് ഇളക്കിയശേഷം ചീരവിത്ത് പാകും. ഉറുമ്പ് ശല്യം അകറ്റുന്നതിന് മഞ്ഞൾപ്പൊടിയടക്കം വിത്തിനോടൊപ്പം വിതറും. ചാണകവും ഗോമൂത്രവുമാണ് പ്രധാന വളം. ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്ന ചീരയ്ക്ക് ആവശ്യക്കാരേറെയാണ്.
''മറ്റൊന്നിലും ലഭിക്കാത്ത ആത്മസംതൃപ്തിയും സന്തോഷവും കൃഷിയിലൂടെ ലഭിക്കുന്നു
-സിദ്ദിഖ്