സംഗീതം നൽകാം, ഗെയിമുകൾ വികസിപ്പിക്കാം എ.വി.ജി.സി സാങ്കേതികവിദ്യ പാഠപുസ്തകത്തിൽ
തിരുവനന്തപുരം: ആനിമേഷൻ, വിഷ്വൽ എഫക്ട്‌സ്,ഗെയിമിംഗ്, കോമിക്സ് (എ.വി.ജി.സി) എന്നീ സാങ്കേതികവിദ്യകൾ പാഠപുസ്തകത്തിൽ പഠിക്കാം. കഴിഞ്ഞവർഷം സംസ്ഥാന സർക്കാർ പുറത്തിറക്കിയ എ.വി.ജി.സി എക്സ്.ആർ.(എക്സ്റ്റന്റഡ് റിയാലിറ്റി) നയത്തിനനുസൃതമായി പൊതുവിദ്യാഭ്യാസ, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന്റെ പുതുക്കിയ ഐ.സി.ടി. പാഠപുസ്തകത്തിലാണ് രാജ്യത്താദ്യമായി മുഴുവൻ കുട്ടികൾക്കും എ.വി.ജി.സി പഠിക്കാനവസരം. മൂന്നാംക്ലാസിലെ 'പാട്ടുപെട്ടി"യെന്ന അദ്ധ്യായത്തിൽ അടിസ്ഥാനസ്വരങ്ങൾ കേൾക്കാനും,നാലാംക്ലാസിലെ 'പിയാനോ വായിക്കാം", 'ഉത്സവമേളം" എന്നിവയിൽ ഗാനങ്ങളും ചിട്ടപ്പെടുത്താം. ഗെയിമുകൾ കളിക്കുന്ന ലാഘവത്തോടെയാണ് 'കളിപ്പെട്ടി" എന്ന് പേരിട്ട പാഠപുസ്തകത്തിലൂടെ കുട്ടികൾ പഠിക്കുന്നത്. ഒമ്നിടെക്സ്, ജികോംപ്രിസ്, മ്യൂസ്‌കോർ, ഒഡാസിറ്റി എന്നിവയ്ക്കൊപ്പം കൈറ്റ് തയ്യാറാക്കിയ 'താളം" സോഫ്റ്റ്‌വെയറും ഉപയോഗിക്കുന്നു. എൽ.എം.എം.എസ് സോഫ്റ്റ്‌വെയറിലൂടെ സ്വന്തമായി ആനിമേഷൻ സിനിമയ്ക്ക് പശ്ചാത്തലസംഗീതം നൽകാൻ എട്ടാംക്ലാസിലെ കുട്ടികൾക്ക് സാധിക്കും. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളിൽ തയ്യാറാക്കിയ എട്ട്, ഒൻപത്, പത്ത് പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗവും ഓണാവധിക്കു ശേഷം കുട്ടികളുടെ കൈയ്യിലെത്തും.
ചലിപ്പിക്കാം കഥാപാത്രങ്ങളെ
ആറാംക്ലാസിലെ 'വരയ്ക്കാം ചലിപ്പിക്കാം" അദ്ധ്യായത്തിൽ 'പെൻസിൽ 2ഡി" സോഫ്റ്റ്‌വെയറിലൂടെ പന്തിന്റേയും കാറിന്റേയും ചലനങ്ങൾ തയ്യാറാക്കിയാണ് ആനിമേഷൻ പഠനം. പത്താംക്ലാസിലെ 'ചിത്രങ്ങൾക്ക് ജീവൻ പകരാം" അദ്ധ്യായത്തിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയറുപയോഗിച്ച് സ്റ്റോറി ബോർഡ് തയ്യാറാക്കൽ, കഥാപാത്രങ്ങളുടെ രൂപകല്പന, കീഫ്രെയിം, ട്വീനിങ്ങ് പഠിക്കാം.
കോഡിംഗും പഠിക്കാം
മൂന്നാംക്ലാസ് വരെ ലോജിക്കൽ ഗെയിമിംഗ് കളിച്ച് പ്രോഗ്രാമിന്റെ മുന്നൊരുക്കങ്ങൾ പഠിക്കാം. അഞ്ചിൽ ഗണിതപാറ്റേണുകൾ നിർമ്മിക്കുന്നത് മനസിലാക്കാം. എലിക്കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം ആറാംക്ലാസിലെ 'കോഡിങ്ങ് :കളിയിലെ കാര്യങ്ങൾ" അദ്ധ്യായത്തിലുണ്ട്. ഒൻപത്,പത്ത് ക്ലാസുകളിൽ പൈത്തൺ പ്രോഗ്രാമിംഗുമുണ്ട്.
''എ.ഐയുടെ കാലത്ത് സാങ്കേതികശേഷികൾ ആർജിക്കാനും തൊഴിൽനൈപുണ്യം വളർത്താനും സഹായിക്കുന്ന രീതിയിലാണ് ഐ.സി.ടി പാഠപുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളത് "" - കെ. അൻവർ സാദത്ത്, കൈറ്റ് സി.ഇ.ഒ.യും ഐ.സി.ടി. പാഠപുസ്തക രചനാസമിതി ചെയർമാനും