വീഴ്ചകൾ നിരത്തി പൊലീസ് റിപ്പോർട്ട് ചോറ്റാനിക്കര ക്ഷേത്രം അസി. കമ്മിഷണർക്ക് സ്ഥലംമാറ്റം
കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രഭരണത്തിൽ അടിമുടി വീഴ്ചകളെന്ന പൊലീസ് ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള അസി. കമ്മിഷണറെയും ഒരു ജീവനക്കാരനെയും സ്ഥലംമാറ്റി. സംസ്ഥാന ഇന്റലിജൻസ് മേധാവി പി. വിജയന്റെ റിപ്പോർട്ടനുസരിച്ചാണ് അസി. കമ്മിഷണർ ബിജു ആർ.പിള്ള, കൗണ്ടർ ജീവനക്കാരൻ ഒ.എസ്. ബാബു എന്നിവർക്കെതിരെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നടപടി. ഇന്റലിജൻസ് മേധാവി ദേവസ്വം ബോർഡിന് നേരിട്ട് റിപ്പോർട്ട് നൽകുന്നതും അസാധാരണമാണ്.
പുതിയ അസി.കമ്മിഷണറായി എം.ജി യഹുൽദാസ് കഴിഞ്ഞ ദിവസം ചുമതലയേറ്റു. ദേവസ്വം കമ്മിഷണർ എസ്.ആർ ഉദയകുമാറാണ് ഉത്തരവിറക്കിയത്. ചോറ്റാനിക്കര ക്ഷേത്രഭരണത്തിൽ ഇടപെടുന്നുണ്ടെന്നതിനാൽ ദേവസ്വം മാനേജരുടെ ഭർത്താവായ ബാബുവിനെ പള്ളുരുത്തി അഴകിയകാവ് ഗ്രൂപ്പിലെ കൊച്ചി പഴയന്നൂർ ക്ഷേത്രത്തിലേക്ക് മാറ്റി.
സുരക്ഷാ വീഴ്ച, ബാഹ്യ ഇടപെടൽ
അന്യസംസ്ഥാനക്കാരും വിദേശഭക്തരുമെത്തുന്ന ക്ഷേത്രത്തിന്റെ സുരക്ഷയിലടക്കം അടിമുടി പാളിച്ചയുണ്ടായെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രം തിടപ്പള്ളിയിൽ ഉണ്ടായ തീപിടിത്തവും മേൽശാന്തിയുടെ സഹായികളായ പൂജാരിമാർ മദ്യപിച്ച് ഹോട്ടലിൽ അടിയുണ്ടാക്കിയതും റിപ്പോർട്ടിന് കാരണമായെന്നാണ് സൂചന. ക്ഷേത്രപരിസരമുൾപ്പെടെ വൃത്തിഹീനമാണ്, അന്നദാനത്തിന് ഭക്ഷണം തയ്യാറാക്കൽ മാനദണ്ഡമനുസരിച്ചല്ല, സത്രം നടത്തിപ്പിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വ്യാപാരികൾ ഉൾപ്പെടെ പുറത്തുനിന്നുള്ളവരുടെ ഇടപെടലുകൾ, ജീവനക്കാരുടെ മോശം പെരുമാറ്റം, വഴിപാട് സാമഗ്രികളുടെ ക്രമക്കേട്, പാർക്കിംഗ് അസൗകര്യങ്ങൾ, ശുചിത്വപ്രശ്നങ്ങൾ തുടങ്ങി സമഗ്രമായ വിവരങ്ങളും ഉൾപ്പെടുന്നു.