എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടി വേഗത്തിലാക്കും
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു..
ഹൈക്കോടതി, സുപ്രീം കോടതി നിർദേശങ്ങൾക്കനുസരിച്ച് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.നിയമനം നടത്താൻ സംസ്ഥാന, ജില്ലാതല സമിതികൾ രൂപീകരിച്ചു. സമിതികളുടെ പ്രവർത്തനം ഇന്നാരംഭിക്കും. ഒരു മാസത്തിനുള്ളിൽ
നടപടികൾ പൂർത്തിയാക്കുന്നതോടെ, നിയമനം നടത്താനാവും.1996 മുതൽ 2017 വരെ മൂന്ന് ശതമാനവും, പിന്നീട് നാല് ശതമാനവും സംവരണമാണ് നടപ്പാക്കേണ്ടത്.ഭിന്നശേഷി നിയമനം പൂർത്തിയാക്കിയ ശേഷം, താത്‌കാലിക നിയമനം ലഭിച്ച അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരെ സ്ഥിരപ്പെടുത്തും.
ഭിന്നശേഷി നിയമനം നടക്കുന്നത് വരെ, 2018 നവംബർ 18നും 2021 നവംബർ എട്ടിനുമിടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് പ്രൊവിഷണലായും, അതിനു ശേഷം നിയമിക്കപ്പെട്ടവർക്ക് ദിവസ വേതനാടിസ്ഥാനത്തിലും ശമ്പളം നൽകും.ഇവരുടെ നിയമനങ്ങൾ, ഭിന്നശേഷി നിയമനം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥിരപ്പെടുത്തും. പ്രൊവിഷണൽ നിയമനം ലഭിച്ചവർക്ക് പെൻ നമ്പർ, കെ.എ.എസ്.ഇ.പി.എഫ്. അംഗത്വം എന്നിവയ്ക്കും സ്ഥാനക്കയറ്റത്തിനും അവധി ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കും.
എൻ.എസ്.എസ് നൽകിയ ഹർജിയിൽ, ഭിന്നശേഷി വിഭാഗത്തിനായി മാറ്റി വച്ചത് ഒഴികെയുള്ള തസ്തികകളിൽ സ്ഥിരനിയമനം നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഈ വിധി എൻ.എസ്.എസ് സ്‌കൂളുകൾക്ക് മാത്രമാണ് ബാധകമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.