അന്യസംസ്ഥാനക്കാരെ ആശ്രയിക്കേണ്ട, കൃഷിയിലേക്കുള്ള പ്രവാസി യുവാവിന്റെ ചുവടുമാറ്റം ഒരു ഗ്രാമത്തിന് തുണയായി
ആലുവ: ഓണപ്പൂക്കളത്തിന് വർണ്ണപൊലിമയേകാൻ കുട്ടമശേരിക്കാർക്ക് ഇനി അന്യസംസ്ഥാനക്കാരെ ആശ്രയിക്കേണ്ട. സ്വന്തം നാട്ടിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ 'നിറപ്പൊലിമ' എന്ന പേരിൽ പൂന്തോട്ടം ഒരുങ്ങിക്കഴിഞ്ഞു. കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഫ്ലവേഴ്സ് കുടുംബശ്രീയിലെ പൊൻകതിർ ജെ.എൽ.ജിയുടെ ആഭിമുഖ്യത്തിൽ കുട്ടമശേരി പതിയാട്ട് ജംഗ്ഷന് സമീപം 50 സെന്റ് സ്ഥലത്താണ് പൂക്കൃഷി. നമ്മുടെ ഓണത്തിന് നമ്മുടെ പൂക്കൾ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തമിഴ്നാട്ടിലെ തോവാള, തെങ്കാശി, സുന്ദര പാണ്ഡ്യപുരം, ആയ്ക്കുടി എന്നിവിടങ്ങളിലെ മാർക്കറ്റുകൾ വഴി എത്തുന്ന പൂക്കളാണ് ഓണപ്പൂക്കളങ്ങളിൽ സ്ഥാനം പിടിക്കാറുള്ളത്. ഇതിനാണ് കുട്ടമശേരിയിൽ മാറ്റംവന്നിരിക്കുന്നത്.
കുടുംബശ്രീയുടെ കീഴിൽ യുവകർഷക ദമ്പതികളായ അമ്പലപറമ്പ് കണ്ണ്യാമ്പിള്ളി ശ്രീജേഷും, ഭാര്യ ശ്രുതിയുമാണ് ഓറഞ്ച്, മഞ്ഞ, നിറത്തിലുള്ള ബന്ദിപ്പൂക്കളും ചുവപ്പ്, വയലറ്റ് നിറത്തിലുള്ള വാടാർ മല്ലിയും അടക്കം കൃഷി ചെയ്തിരിക്കുന്നത്. നല്ലയിനം തൈകൾ വാങ്ങി പാട്ടത്തിന് എടുത്ത ഭൂമിയിലാണ് കൃഷി ചെയ്തിരിക്കുന്നത്.
വിളവെടുപ്പ് നാളെ
പൂക്കൃഷിയുടെ ആദ്യ വിളവെടുപ്പ് നാളെ രാവിലെ പത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്യും. നെല്ല് കുത്തരി, ഉണക്കലരി, അവൽ എന്നീ ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും നടക്കും. തോട്ടത്തിൽ നിന്നും പറിച്ചെടുക്കുന്ന പൂക്കൾ അവിടെ വച്ച് തന്നെ വില്പന നടത്തുമെന്നും എല്ലാവർക്കും പൂന്തോട്ടത്തിൽ വന്ന് പൂക്കൾ വാങ്ങാമെന്നും ശ്രീജേഷും ശ്രുതിയും പറയുന്നു.
പ്രവാസ ജീവിതത്തിൽ
നിന്ന് കൃഷിയിലേക്ക്
കർഷകനായ പിതാവ് മോഹനന്റെ പാത പിന്തുടർന്നാണ് പ്രവാസജീവിതം ഉപേക്ഷിച്ച് പൂർണമായും കൃഷിയിൽ സജീവമാകുകയായിരുന്നു ശ്രീജേഷ്. കുടുംബശ്രീയുടെ സജീവ പ്രവർത്തകയാണ് ഭാര്യ ശ്രുതി. തിരക്കുകൾക്കിടയിലും കൃഷിയിൽ ശ്രീജേഷിനെ സഹായിക്കാനായി സമയം കണ്ടെത്തുണ്ട് ശ്രുതി.
ചെറുപ്പം മുതൽ കൃഷിയിൽ തത്പരനായിരുന്നു ശ്രീജേഷ്. അച്ഛനെ സഹായിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് പ്രവാസം ജീവിതം തിരഞ്ഞെടുത്തെങ്കിലും തിരിച്ച് നാട്ടിലെത്തിയപ്പോൾ കൃഷിയിലേക്ക് തന്നെ തിരിയുകയായിരുന്നു. നെല്ല്, വാഴ ,കപ്പ മണിച്ചോളം, തുടങ്ങിയവയും ശ്രീജേഷ് കൃഷി ചെയ്യുന്നുണ്ട്. അച്ഛൻ മോഹന്റെയും അമ്മ കനകയും കീഴ്മാട് കൃഷിഭവനിലെ ഓഫീസർമാരുടെയും പൂർണമായ സഹായവും സഹകരണവും ലഭിക്കുന്നു. മക്കളായ അഷിഖയും അശ്വിനും ശ്രീജേഷിന് സഹായികളായി കൂടെയുണ്ട്.