'കോൺഗ്രസിന് ഒരു കൂട്ടായ നേതൃത്വമുണ്ട്, രാഹുൽ എംഎൽഎ പദവിയിൽ നിന്ന് രാജിവയ്‌ക്കണമെന്ന അഭിപ്രായമില്ല'
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി കൂട്ടായ ചർച്ച നടത്തിയതിനുശേഷം മാത്രമേ തീരുമാനമെടുക്കുകയുളളൂവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുലിനെ ആറ് മാസത്തേക്ക് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തെന്ന പ്രഖ്യാപനം വന്നതിനുപിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും അടൂർ പ്രകാശ് പറഞ്ഞു. കോൺഗ്രസിന് കൂട്ടായ നേതൃത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി പൂർണമായും തീരുമാനം എടുത്തിട്ടില്ല. ധാർമികപരമായ ഉത്തരവാദിത്തെ തുടർന്നാണ് രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. ആ തീരുമാനം തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. രാഹുൽ ഉചിതമായ തീരുമാനമാണെടുത്തത്. കാര്യങ്ങൾ അന്വേഷിക്കാതെ ഞങ്ങളുടെ എംഎൽഎ രാജിവയ്ക്കണമെന്നില്ല. ഇതിൽ വിശദമായ അന്വേഷണമാണ് വേണ്ടത്. ഞങ്ങൾ അന്വേഷിക്കട്ടെ. പാർട്ടിയിലെ നേതാക്കൾ പറഞ്ഞതുകൊണ്ടു മാത്രം രാഹുൽ രാജിവയ്ക്കണമെന്ന അഭിപ്രായം എനിക്കില്ല. കോൺഗ്രസിന് ഒരു കൂട്ടായ നേതൃത്വമുണ്ട്. ചർച്ച ചെയ്ത് തീരുമാനത്തിലെത്തും. കൂട്ടായ ആലോചന നടത്തിയതിനുശേഷം കെപിസിസിയുടെ പ്രസിഡന്റ് അറിയിക്കും'- അടൂർ പ്രകാശ് പറഞ്ഞു.
യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ രാഹുൽ പല യുവതികളുമായി നടത്തിയ ചാറ്റുകളുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ രാഹുലിന് സമ്മർദ്ദമേറിയിരുന്നു. ഇത്തരം ചർച്ചകൾ പാർട്ടിയിൽ നടക്കുന്നതിനിടയിലാണ് രാഹുലിനെ ആറ് മാസത്തേക്ക് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.