'ഇനി കടിച്ചുതൂങ്ങണോ വേണ്ടയോ എന്ന് രാഹുലിന് തീരുമാനിക്കാം, ശക്തമായ നടപടിയിലേക്ക് പോകാൻ പാർട്ടിക്ക് മടിയില്ല'

Monday 25 August 2025 11:55 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ ശക്തമായ നടപടിയിലേക്ക് പോകാൻ പാർട്ടിക്ക് മടിയില്ലെന്ന് കെ മുരളീധരൻ. കടിച്ച് തൂങ്ങണോ വേണ്ടയോ എന്ന് രാഹുലിന് തീരുമാനിക്കാം. ഉമാ തോമസ് പറഞ്ഞത് കേരളത്തിലെ സ്‌ത്രീകളുടെ വികാരമാണെന്നും അദ്ദേഹം പറഞ്ഞു.

'കോൺഗ്രസും യുഡിഎഫും ആണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത്. ഞങ്ങളുടെ കൂടെ കൂടണ്ടാ എന്നാണ് അവർ രണ്ടുപേരും ഇപ്പോൾ പറയുന്നത്. ഇനി കടിച്ചുതൂങ്ങണോ വേണ്ടയോ എന്ന് രാഹുലിന് തീരുമാനിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിക്ക് ഇത്രയേ ചെയ്യാനുള്ളൂ. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം.

പുറത്തുവന്ന ഓഡിയോയുടെ ആധികാരികത അറിയണം. വിശദീകരണം നൽകാൻ രാഹുൽ മാങ്കൂട്ടത്തിലിന് സമയം ഉണ്ട്. നിലവിലെ സസ്‌പെൻഷൻ എന്നത് സ്ഥിരം ഏർപ്പാടല്ല. കൂടുതൽ കടുത്ത നടപടിയിലേക്ക് പോകാൻ പാർട്ടിക്ക് മടിയില്ല എന്നതിന്റെ സൂചനയാണ്. പാർട്ടി അംഗത്തിന് ലഭിക്കുന്ന പരിരക്ഷ രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസിൽ നിന്ന് ഇനി ലഭിക്കില്ല ' - കെ മുരളീധരൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അടിക്കടി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ടതില്ല എന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. ഇനിമുതൽ പാർട്ടിയുടെയോ മുന്നണിയുടെയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ അംഗമായിരിക്കില്ല. എംഎൽഎ സ്ഥാനം രാജിവയ്‌പ്പിച്ചാൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാദ്ധ്യത മുന്നിൽ കണ്ടാണ് പാർട്ടി നിലപാട് എന്നാണ് സൂചന. നിയമസഭാ സമ്മേളനങ്ങളിൽ രാഹുൽ പാർലമെന്ററി പാർട്ടിയുടെ ഭാഗമായി ഉണ്ടാകില്ല.