അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാരിന്റെ അപൂർവ നടപടി; ഡിജിപിയുടെ രണ്ട് റിപ്പോർട്ടുകളും മടക്കി

Monday 25 August 2025 12:22 PM IST

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കാൻ അപൂർവ നടപടിയുമായി സംസ്ഥാന സർക്കാർ. പൂരം കലക്കൽ, എഡിജിപി പി വിജയൻ നൽകിയ പരാതി എന്നിവയുമായി ബന്ധപ്പെട്ട് മുൻ പൊലീസ് മേധാവി ദർവേഷ് സാഹിബ്, അജിത് കുമാറിനെതിരെ നൽകിയ രണ്ട് റിപ്പോർട്ടുകൾ സർക്കാർ മടക്കി അയച്ചു.

ഇപ്പോഴത്തെ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനോട് വിഷയങ്ങൾ പരിശോധിച്ച് പുതിയ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോർട്ടുകൾ മടക്കിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയായിരുന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷിച്ച് നൽകിയ റിപ്പോർട്ടുകളാണ് ഇത്തരത്തിൽ മടക്കിയിരിക്കുന്നത്.

അതിനിടെ, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി വിധിക്കെതിരെ അജിത് കുമാർ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും അപ്പീൽ നൽകാനിരിക്കുകയാണ്. ക്ലീൻ ചിറ്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും മുമ്പ് മുഖ്യമന്ത്രി അംഗീകരിച്ചതിനെ കോടതിവിധിയിൽ വിമർശിച്ചിരുന്നു.