'ആ മത്സരാർത്ഥിയെ എല്ലാവർക്കും ഭയമാണ്, പരിപാടി പച്ച പിടിക്കണമെങ്കിൽ ഒറ്റക്കാര്യം ചെയ്താൽ മതി'; നിർദ്ദേശവുമായി സംവിധായകൻ

Monday 25 August 2025 12:36 PM IST

നിറയെ ആരാധകരുളള ടെലിവിഷൻ പരിപാടിയാണ് മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ്‌ബോസ്. മൂന്നാഴ്ചകൾക്ക് മുൻപാണ് ബിഗ്ബോസ് സീസൺ 7 സംപ്രേഷണം ആരംഭിച്ചത്. മുൻ സീസണുകളെക്കാളും വലിയ രീതിയിലുളള വിമർശനങ്ങളാണ് ഇത്തവണ ഉണ്ടാകുന്നത്. മത്സരാർത്ഥികൾ തമ്മിലുളള കലഹങ്ങളും അസഭ്യം പറച്ചിലുമാണ് സ്ഥിരം കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് ബിഗ്‌ബോസിനെക്കുറിച്ച് പറഞ്ഞതാണ് ശ്രദ്ധേയമായിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ചില കാര്യങ്ങൾ പങ്കുവച്ചത്.

'ഇത്തവണത്തെ ബിഗ്‌ബോസ് നിരാശജനകമാണ്. പല മേഖലയിൽ നിന്നുളള മത്സരാർത്ഥികൾ മികച്ചവരാണെന്നാണ് കരുതിയത്. എന്നാൽ അതൊന്നും അവരുടെ മത്സരങ്ങളിൽ കാണാനില്ല. സംസ്‌കാര ശൂന്യമായ പ്രവൃത്തികളും സംസാരങ്ങളുമാണ് കാണാൻ സാധിക്കുന്നത്. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്ന ഒരാളെയെങ്കിലും ഈ ഷോയിൽ ഉൾപ്പെടുത്താമായിരുന്നു. എന്നാലിവിടെ 24 മണിക്കൂറും കലഹവും കൂട്ടയടിയുമാണ്. ഇത്തവണത്തെ എല്ലാ മത്സരാർത്ഥികളും വയലൻസ് ഇഷ്ടപ്പെടുന്നവരാണെന്ന് തോന്നുന്നു.

മുൻപ് ബിഗ്‌ബോസ് സീസണുകൾ കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് കാണാമായിരുന്നു. എന്നാൽ ഈ സീസണിൽ ബിഗ്‌ബോസിന്റെ നിലവാരം കുറഞ്ഞോയെന്നും സംശയമുണ്ട്. ബിഗ്ബോസിന് മത്സരാർത്ഥികൾ പുല്ലുവിലയാണ് നൽകുന്നത്. ഇങ്ങനെ പോകുകയാണെങ്കിൽ ബിഗ്‌ബോസ് പല്ലുകൊഴിഞ്ഞ ഒരു സിംഹമായി മാറും. ആദ്യ ആഴ്ചയിൽ തന്നെ മോഹൻലാൽ ചിലരുടെ യഥാർത്ഥ മുഖം പുറത്തേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ മോഹൻലാലിനെ പോലും വക വയ്ക്കാതെയാണ് ചില മത്സരാർത്ഥികൾ ബിഗ്‌ബോസിൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇവരൊക്കെ വീടുകളിലും ഇങ്ങനെയാണോ?

സ്ഥാനാർത്ഥിയായ ജിസൈലിനെ മ​റ്റുളളവർക്ക് ഭയമാണ്. ആരും ജിസൈലിനെ ചോദ്യം ചെയ്യാറില്ല. അനുമോളൊഴിച്ച് മ​റ്റുളളവർക്ക് അവരെ ഭയമാണ്. ബിഗ്‌ബോസിൽ തുടരാൻ യോഗ്യരല്ലാത്തവരെ പുറത്താക്കി കഴിവുളളവരെ വൈൽഡ് കാർഡ് എൻട്രിയിലൂടെ കൊണ്ടുവന്നാൽ മാത്രമേ ഷോ പച്ച പിടിപ്പിക്കാൻ കഴിയുളളൂ'- ആലപ്പി അഷ്‌റഫ് പറഞ്ഞു.