'നിങ്ങളാണ് എന്റെ ഏറ്റവും നല്ല സീനിയർ', പൂജാരയെക്കുറിച്ച് ഇന്ത്യൻ താരം
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്താളം വളരെ ദുഃഖകരമായ ഒരു വാർത്തയായിരുന്നു പൂജാരയുടെ വിരമിക്കൽ. പന്തുകൊണ്ട് പലതവണ പരിക്കേറ്റിട്ടും പതറാതെ പിടിച്ചുനിന്ന പുജാരയുടെ ഇന്നിംഗ്സുകൾ ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളെ മാറ്റുകൂട്ടിയിട്ടുണ്ട്. 103 ടെസ്റ്റുകളിൽ നിന്ന് 19 സെഞ്ച്വറികളും 35 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 43.60 ശരാശരിയിൽ 7,195 റൺസാണ് അദ്ദേഹം നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എട്ടാമത്തെ ഏറ്റവും ഉയർന്ന റൺ സ്‌കോറർ എന്ന സ്ഥാനവും പുജാരയ്ക്കായിരുന്നു.
വർഷങ്ങളായി തന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ പുതിയ മാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിലും പൂജാര മികച്ച പങ്ക് വഹിച്ചിരുന്നു. ഇപ്പോഴിതാ പൂജാര വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ, ഐപിഎല്ലിലേക്ക് താൻ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് രസകരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകായണ് ഇന്ത്യൻ പേസർ ജയദേവ് ഉനദ്കട്ട്. പുജാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കിട്ടാണ് താരത്തിന്റെ കുറിപ്പ്.
'ഹായ് ജയ്ദേവ്, ഞാൻ പൂജാരെയാണ്. ദാദയോട് ഞാൻ വാക്ക് പറഞ്ഞിട്ടുണ്ട് നീ കെകെആറിന്റെ ട്രയലിന് വരുമെന്ന്. നിന്റെ ബൗളിംഗ് അടിപൊളിയാണ്. ഇനിയും ഇതുപോലെ തുടരണം. 2010ലെ രഞ്ജിട്രോഫിയിൽ നെറ്റ് ബൗളറായിരുന്ന സമയത്താണ് അദ്ദേഹവുമായിട്ടുള്ള എന്റെ ആദ്യത്തെ ഫോൺ സംഭാഷണം. മൈതാനത്ത് മാത്രമല്ല, അതിന് പുറത്തും പിന്നീട് ഞങ്ങൾ സുഹൃത്തുക്കളായി മാറി. ഇത്തരത്തിൽ അദ്ദേഹവുമായുള്ള ചില ഓർമ്മകൾ പങ്കിടാൻ കഴിയുമെന്ന് അന്ന് ഞാൻ കരുതിയില്ല," ഉനദ്കട്ട് എക്സിൽ കുറിച്ചു.
'ക്രിക്കറ്റിനോടുള്ള നിങ്ങളുടെ നിശ്ചയദാർഢ്യവും ദൃഢനിശ്ചയവും എല്ലാവരും ചർച്ചചെയ്യുന്ന കാര്യമാണ്. അത് വരും തലമുറകളിലും ചർച്ചചെയ്യപ്പെടും. എന്നാൽ നിങ്ങൾക്ക് മറ്റൊരു വശം കൂടിയുണ്ട്. ഒത്തിരി തമാശ കലർന്ന കൂടുതൽ വികൃതി നിറഞ്ഞ ലൗഡായ ഒരു വേർഷൻ. കാർഡ് കളിയിൽ പോലും നമ്മൾ കളി അവസനിപ്പിക്കാൻ കൂടുതൽ സമയം എടുത്തു.നിസാര വിഷയങ്ങളിൽ പരസ്പരം വാദിച്ചു. എന്നാൽ ഇന്ന് നിങ്ങളുടെ മഹത്തായ കരിയറിന് അന്ത്യം കുറിക്കുമ്പോൾ അല്പം വിഷമത്തോടെയാണെങ്കിലും ഞാൻ അതിൽ അഭിമാനം കൊളളുകയാണ്. ഞാൻ ആദ്യം പറയുന്നത് നിങ്ങളാണ് എന്റെ ഏറ്റവും നല്ല സീനിയർ എന്നായിരിക്കും, രണ്ടാമതായി എന്റെ സഹതാരം പിന്നെ സഹോദരൻ. -ഉനദ്കട്ട് കൂട്ടിച്ചേർത്തു.