സംസ്‌കാരച്ചടങ്ങിനിടെ വാതക ശ്‌മശാനത്തിൽ തീ പടർന്ന് അപകടം, ഒരാൾക്ക് പൊള്ളലേറ്റു

Monday 25 August 2025 6:00 PM IST

പത്തനംതിട്ട: സംസ്‌കാരച്ചടങ്ങിനിടെ ശ്‌മശാനത്തിൽ തീപടർന്ന് അപകടം. പത്തനംതിട്ട റാന്നിയിൽ പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാതക ശ്മശാനത്തിലാണ് അപകടമുണ്ടായത്.

ഉദുമൽ സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയായിരുന്നു സംഭവം. മതപരമായ ചടങ്ങിന്റെ ഭാഗമായി കർപ്പൂരത്തിൽ തീ കൊളുത്തുന്നതിനിടെയാണ് അപകടമുണ്ടായത്. കർപ്പൂരത്തിൽ തീ കൊളുത്തുകയായിരുന്ന ബന്ധു പുതമൺ സ്വദേശി ജിജോ പുത്തൻപുരയ്ക്കലിന് പൊള്ളലേറ്റു. നനഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നതിനാൽ കാര്യമായ പൊള്ളൽ ഏറ്റില്ല. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഒരാൾക്ക് മാത്രമാണ് പൊള്ളലേറ്റത്.

അതേസമയം, വാതക ശ്‌മശാനത്തിൽ ഇത്തരത്തിൽ കർപ്പൂരം കത്തിക്കാൻ അനുമതി നൽകാറില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. കർപ്പൂരം കത്തിക്കുന്നത് കണ്ടിട്ടും വാതകം തുറന്നുവിട്ടത് അധിക‌ൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്‌ചയാണെന്നും ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.