വിഷ്ണുവിന്റെ ബാറ്റിംഗ് വെടിക്കെട്ട്, കൊല്ലം സെയ്‌ലേഴ്‌സ് വീണ്ടും വിജയവഴിയില്‍

Monday 25 August 2025 6:43 PM IST

തിരുവനന്തപുരം : കെസിഎല്ലില്‍ വിജയവഴിയിലേക്ക് മടങ്ങിയെത്തി കൊല്ലം സെയിലേഴ്‌സ്. തൃശൂര്‍ ടൈറ്റന്‍സിനെതിരെ എട്ട് വിക്കറ്റിനായിരുന്നു കൊല്ലത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ 19.5 ഓവറില്‍ 144 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 15ആം ഓവറില്‍ ലക്ഷ്യത്തിലെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച വിഷ്ണു വിനോദാണ് കളിയിലെ താരം.

ബാറ്റിങ് കരുത്തന്മാരുടെ പോരാട്ടത്തില്‍ വിഷ്ണു വിനോദും സച്ചിന്‍ ബേബിയും ചേര്‍ന്നാണ് കൊല്ലത്തിന് അനായാസ വിജയമൊരുക്കിയത്. മറുവശത്ത് കഴിഞ്ഞ രണ്ട് മല്‌സരങ്ങളിലും തിളങ്ങിയ തൃശൂരിന്റെ ബാറ്റിങ് നിര കൊല്ലത്തിനെതിരെ നിറം മങ്ങി. ആനന്ദ് കൃഷ്ണനും അക്ഷയ് മനോഹറും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 40 റണ്‍സ് പിറന്നു. മികച്ച രീതിയില്‍ കളിച്ചു വന്ന ആനന്ദ് കൃഷ്ണന്‍ പുറത്തായത് തൃശൂരിന് തിരിച്ചടിയായി.

38 പന്തുകളില്‍ 41 റണ്‍സെടുത്ത ആനന്ദ് കൃഷ്ണനെ എ ജി അമലാണ് പുറത്താക്കിയത്. അക്ഷയ് മനോഹര്‍ 24 റണ്‍സും നേടി. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. അജയഘോഷും അമലും ബിജു നാരായണനും അടക്കമുള്ള കൊല്ലത്തിന്റെ ബൗളിങ് നിര അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ 144 റണ്‍സ് മാത്രമാണ് തൃശൂരിന് നേടാനായത്. അജയഘോഷ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അമല്‍ മൂന്നും ഷറഫുദ്ദീന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന്റെ ബാറ്റിങ് നിരയെ ഒരു ഘട്ടത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ തൃശൂരിനായില്ല. രണ്ടാം ഓവറില്‍ തന്നെ അഭിഷേക് ജെ നായര്‍ പുറത്തായെങ്കിലും തകര്‍ത്തടിച്ച വിഷ്ണു വിനോദ് ഇന്നിങ്‌സ് അതിവേഗത്തില്‍ മുന്നോട്ട് നീക്കി. മൂന്നാം ഓവറില്‍ രണ്ട് ഫോറും രണ്ട് സിക്‌സും നേടി തുടക്കമിട്ട വിഷ്ണു വിനോദ് വെറും 22 പന്തില്‍ അന്‍പതിലെത്തി. തൃശൂരിന്റെ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് എറിഞ്ഞ ഒന്‍പതാം ഓവറില്‍ നാല് സിക്‌സറുകളാണ് വിഷ്ണു നേടിയത്.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സിബിന്‍ ഗിരീഷിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച വിഷ്ണുവിനെ വിനോദ് കുമാര്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 38 പന്തുകളില്‍ ഏഴ് ഫോറും എട്ട് സിക്‌സും അടക്കം 86 റണ്‍സാണ് വിഷ്ണു നേടിയത്. വിഷ്ണു പുറത്താകുമ്പോള്‍ കൊല്ലത്തിന് ജയിക്കാന്‍ പത്ത് ഓവറില്‍ വെറും 38 റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. സച്ചിന്‍ ബേബിയും എം എസ് അഖിലും ചേര്‍ന്ന് 35 പന്തുകള്‍ ബാക്കി നില്‌ക്കെ ടീമിനെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. സച്ചിന്‍ ബേബി 32ഉം അഖില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.