വെളിച്ചെണ്ണയും പഞ്ചസാരയും ഉൾപ്പെടെ 15 സാധനങ്ങൾ,​ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ ,​ അർഹത ഈ കാർഡുകാർക്ക്

Monday 25 August 2025 8:21 PM IST

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് നാളെ മുതൽ വിതരണം ചെയ്യും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് കിറ്റ് നൽകുക. ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾനൽകും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30ന് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഹാളിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.

പഞ്ചസാര (ഒരു കിലോ), വെളിച്ചെണ്ണ (അരലിറ്റർ), തുവരപ്പരിപ്പ് (250 ഗ്രാം), ചെറുപയർ പരിപ്പ് (250ഗ്രാം), വൻപയർ (250 ഗ്രാം), കശുവണ്ടി (50 ഗ്രാം), മിൽമ നെയ്യ് (50ഗ്രാം), ചായപ്പൊടി (250 ഗ്രാം), പായസം മിക്സ് (200 ഗ്രാം), സാമ്പാർപൊടി (100 ഗ്രാം), മുളക് പൊടി (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), മല്ലിപൊടി (100ഗ്രാം), ഉപ്പ് (ഒരു കിലോ), തുണി സഞ്ചി എന്നിവയടങ്ങിയതാണ് കിറ്റ്. 710 രൂപയോളമാണ് ഒരുകിറ്റിനുള്ള ചെലവ്. ആകെ ചെലവ് 42, 83,36,610 രൂപയാണ്.