സർക്കാർ സേവനങ്ങൾ ഇനി വേഗത്തിൽ,​ പുതിയ പദ്ധതി അവതരിപ്പിച്ച് സർക്കാർ

Monday 25 August 2025 8:57 PM IST

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്കായി ഇനി അധികം കാത്തിരിക്കേണ്ട. കുറഞ്ഞ സമയത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പുതിയ പദ്ധതി അവതരിപ്പിച്ച് സർക്കാർ. ഡിജിറ്റൽ ഗവർണൻസിൽ ജനങ്ങൾ നേരിടുന്ന വിഷമതകൾ പരിഹരിച്ച് സർക്കാർ സേവനങ്ങൾ വേഗതയിലും സൗകര്യപ്രദവും ആക്കുന്നതിനായി 'നമ്മുടെ കേരളം ഡിജിറ്റൽ കേരള ഇനീഷ്യേറ്റീവ്' എന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചത്.എല്ലാ സേവനങ്ങളും പൗരകേന്ദ്രീകൃതമാക്കുകയാണ് പ്രധാന ലക്ഷ്യം. പരാതികൾ പരിഹരിക്കുന്നതിനും പരാതികളുടെ തത്സമയ വിവരങ്ങൾ അറിയുന്നതിനും പ്രത്യേക സംവിധാനം ഉണ്ടാകും.

സേവന വിതരണത്തിന് നൂതന മാർഗ്ഗങ്ങളാണ് ഏർപ്പെടുത്തുന്നത്. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനായി ഏകീകൃത രജിസ്ട്രി ഉണ്ടാക്കും.സർക്കാർ സേവനങ്ങൾ ഡിജിറ്റലായി നൽകുന്ന വിവിധ ആപ്ലിക്കേഷനുകളിൽ കാലോചിതമായ മാറ്റം വരുത്തും. വകുപ്പുകൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റത്തിന്റെ അഭാവവും പരിഹരിക്കും.

പദ്ധതിയെ നാല് പ്രധാനമേഖലകളായാണ് തരംതിരിച്ചിരിക്കുന്നത്. സേവന കേരളം, ഭാവി കേരളം, സദ്ഭരണ കേരളം, ജന കേരളം എന്നിങ്ങനെയാണിത്. എല്ലാ ഓൺലൈൻ സർക്കാർ സേവനങ്ങളും ഏകീകൃത പ്ലാറ്റ്‌ഫോമിൽ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാനാണ് സേവന കേരളം. നൂതന സാങ്കേതിക വിദ്യകൾ സർക്കാർ സേവനങ്ങളിൽ ഉൾപ്പെടുത്തുന്നതിനാണ് ഭാവി കേരളം. സർക്കാർ സംവിധാനങ്ങളിൽ ഡിജിറ്റൽ സദ്ഭരണ മാതൃക നടപ്പാക്കുകയാണ് സദ്ഭരണ കേരളത്തിലൂടെ ചെയ്യുന്നത്. ജനകീയ ക്യാമ്പയിനുകൾ വഴി ഓൺലൈൻ സുരക്ഷാ ബോധവത്ക്കരണം നടപ്പാക്കാനാണ് ജന കേരളം.

പദ്ധതിയുടെ പ്രാഥമികയോഗത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, ഐ.ടി. സെക്രട്ടറി സീറാം സാംബശിവ റാവു, തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി അദീല അബ്ദുള്ള, ധനകാര്യ വകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാർ എന്നിവർ പങ്കെടുത്തു.