അത്താഘോഷത്തിന് 20ലേറെ ഫ്ളോട്ടുകൾ
തൃപ്പൂണിത്തുറ: ഇക്കുറി തൃപ്പൂണിത്തുറ അത്തച്ചമയത്തിന് 20ലധികം ഫ്ലോട്ടുകളും 300ൽ അധികം കലാകാരന്മാരും പങ്കെടുക്കുന്ന വർണ്ണാഭമായ കാഴ്ച വിരുന്നാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവ യാത്രയുടെ പൊലിമയേറ്റും. മഹാബലി വേഷവും പഞ്ചവാദ്യവും വിദ്യാർത്ഥികളുടെ ഡിസ്‌പ്ലേ , പുലികളി, പ്രച്ഛന്ന വേഷങ്ങൾ, കളരിപ്പയറ്റ്, ചെണ്ടമേളം, ശിങ്കാരിമേളം, തമ്പോലമേളം, ബാൻഡ് മേളം, കാവടിയാട്ടം, തെയ്യം, തിറ, കാർട്ടൂൺ കഥാപാത്രങ്ങൾ, പറവമേളം, റോയൽ റണ്ണേഴ്സ് ഹാഫ് മാരത്തൺ തുടങ്ങിയവ ഘോഷയാത്രയിൽ ഉണ്ടാകും. വൈകിട്ട് മൂന്ന് മുതൽ രാത്രി 10 വരെയായി അത്തപ്പൂക്കളം പ്രദർശനവും നടക്കും. ദിവസവും വൈകിട്ട് അഞ്ചു മുതൽ ലായം കൂത്തമ്പലത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും.
ഇന്നലെ വൈകിട്ട് നാലിന് അത്തം നഗറിൽ ഉയർത്താനുള്ള പതാക രാജകുടുംബത്തിന്റെ പ്രതിനിധിയായ രാമകുമാരൻ തമ്പുരാനിൽ നിന്ന് നഗരസഭാ അദ്ധ്യക്ഷ രമാ സന്തോഷ് രാജഭരണത്തിന്റെ ആസ്ഥാനം ആയിരുന്ന ഹിൽപാലസിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് ഘോഷയാത്ര കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ ചർച്ചിന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അത്തം നഗറിൽ എത്തി.
450 ൽ അധികം പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങൾക്ക് സുരക്ഷ ഒരുക്കും
പോക്കറ്റടിയും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും തടയുന്നതിനായി മഫ്തിയിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്
അഗ്നിശമന സേനയുടെ സേവനവും, ആംബുലൻസ്, പ്രത്യേക മെഡിക്കൽ വിഭാഗത്തിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്
ഘോഷയാത്ര പോകുന്ന വഴികളിൽ ബാരിക്കോട് നിർമ്മാണം പൂർത്തിയായി