തിരുവോണ ലഹരിയിൽ തൃക്കാക്കരയും തൃപ്പൂണിത്തുറയും
കൊച്ചി: തിരുവോണ മാഹാത്മ്യം ഉറങ്ങുന്ന തൃക്കാക്കരയിലും പൗരാണികമായ ഓണച്ചടങ്ങുകൾ പുനരാവിഷ്കരിക്കുന്ന രാജനഗരിയായ തൃപ്പൂണിത്തുറയിലും ഇനി പത്തുദിനങ്ങൾ ആഘോഷ ലഹരിയിൽ. വിശ്വപ്രസിദ്ധമായ അത്തച്ചമയം ഇന്ന് തൃപ്പൂണിത്തുറയെ ആഘോഷ ലഹരിയിലാക്കും.
രാവിലെ 9നു ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി എം.ബി. രാജേഷ് അത്തച്ചമയം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തും. 9.30നു നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. നടൻ രമേഷ് പിഷാരടി, കലക്ടർ ജി. പ്രിയങ്ക, എം.പിമാരായ ഹൈബി ഈഡൻ, കെ. ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ കെ.ബാബു, അനൂപ് ജേക്കബ് എന്നിവർ പങ്കെടുക്കും.
അത്തം ഘോഷയാത്ര ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ തിരിച്ചെത്തി സമാപിക്കും. 11ന് സിയോൺ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരം, 5നു ലായം കൂത്തമ്പലത്തിൽ കലാസന്ധ്യ.
അത്തം നാളിൽ കൊച്ചിരാജാവ് പ്രജകളെ കാണാൻ തൃപ്പൂണിത്തുറയിലെ വീഥികളിൽ കൂടി നടത്തിയിരുന്ന ഘോഷയാത്രയുടെ പുനരാവിഷ്കാരമാണ് അത്തച്ചമയം. കേരളത്തിലെ മിക്കവാറുമെല്ലാ നാടൻ കലാരൂപങ്ങളുടെയും സാന്നിദ്ധ്യമാണ് പ്രധാന സവിശേഷത. തൃപ്പൂണിത്തുറയിലെ ജനസമൂഹം ഒന്നാകെ ഇന്ന് നഗരത്തിലേക്കൊഴുകിയെത്തും. കർശനമായ സുരക്ഷാ സന്നാഹങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ട്. ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളുടെ മുകളിൽ നിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
തൃക്കാക്കര ഭക്തിലഹരിയിൽ
തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിന്റെ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. പരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് 6.30ന് മന്ത്രി പി.രാജീവ് നിർവഹിക്കും. നാളെ രാത്രി എട്ടിനാണ് കൊടിയേറ്റ്.
കലാമണ്ഡലം സുഗന്ധിയുടെ നൃത്തം, കോട്ടയ്ക്കൽ മധുവിന്റെ കഥകളിപ്പദ കച്ചേരി, ബംഗളൂരു ഗായത്രി ശിവദാസിന്റെ ഭരതനാട്യം, ഉണ്ണായി വാര്യർ കലാനിലയത്തിന്റെ ശ്രീരാമപട്ടാഭിഷേകം കഥകളി, കലാമണ്ഡലം അർച്ചനയുടെ നൃത്തസന്ധ്യ, ഗംഗാ ശശിധരന്റെ വയലിൻ കച്ചേരി, കൽപ്പാത്തി ബാലകൃഷ്ണന്റെ ഡബിൾ തായമ്പക, വള്ളുവനാടൻ നാദം കമ്മ്യൂണിക്കേഷൻസിന്റെ കാഴ്ചബംഗ്ളാവ് നാടകം, മഹാഭാരതം ബാലെ, പെരുവനം കുട്ടൻമാരാരുടെ പാഞ്ചാരിമേളം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
18 ന് ചെറിയവിളക്ക്, 19ന് വലിയവിളക്ക്, ഉത്രാടസദ്യ, മൂന്ന് മണിമുതൽ 9 ആനകളുടെ പകൽപ്പൂരം, ചോറ്റാനിക്കര വിജയൻമാരാരുടെ പഞ്ചവാദ്യം, കിഴക്കൂട്ട് അനിയൻ മാരാരുടെ പാണ്ടിമേളം. 20ന് തിരുവോണ പരിപാടികൾ. 10.30 മുതൽ തിരുവോണസദ്യയും നടക്കും.