അയ്യോ.. ഹബ്ബേ..!!
കൊച്ചി: മഴ പെയ്താൽ ചെളിക്കുളം. വെയിൽ കടുത്താൽ പൊടിക്കാറ്റ് ! സംസ്ഥാനത്തെ പ്രഥമ മൊബിലിറ്റി ഹബ്ബായ വൈറ്റില ബസ് ടെർമിനലിന്റെ അവസ്ഥ പരിതാപകരം. നവീകരണത്തിനായി നടത്തിയ അറ്റകുറ്റപ്പണികൾ ജനത്തിന് എട്ടിന്റെ പണിയായിട്ട് മാസങ്ങളായി. ഇപ്പോൾ ശരിയാക്കിതരാം എന്നാണ് പല്ലവി. പക്ഷേ കാര്യങ്ങൾ എങ്ങുമെത്തിയിട്ടുമില്ല. വൈറ്റിലെ ഹബ്ബിൽ കുറച്ച് സമയം ചെലവഴിച്ചപ്പോൾ കണ്ട കാഴ്ചകളും ജനങ്ങളുടെ പ്രതികരണങ്ങളും ഇതാ, ജനം സഹിക്കുന്ന ദുരിതം അറിയാനായി....
ബസ് വരും, ഒപ്പം പൊടിക്കാറ്റും ചീറിപ്പാഞ്ഞൊരു ബസ് ഹബ്ബിലേക്ക് വന്നുനിന്നു. പിന്നാലെ പൊടി ഹബ്ബിനെയാകെ മൂടി. യാത്രക്കാരും ബസ് ജീവനക്കാരുമെല്ലാം മൂക്ക് പൊത്തി, കണ്ണടച്ചു. പൊടിക്കാറ്റൊന്ന് അടങ്ങുമ്പോൾ ദാ വരുന്നു അടുത്ത ബസ്... രാത്രി വരെ ഇത് പതിവ്. പൊടിയെ പിടിച്ചുകെട്ടാൻ ടാങ്കർ ലോറിയിൽ വെള്ളം പമ്പു ചെയ്യുന്നുണ്ട്. പക്ഷേ മിനിറ്റുകൾക്കകം പഴയസ്ഥിതിയാകുമെന്ന് മാത്രം.
ആകെ'ലോക്കായി' ഇന്റർലോക്കെല്ലാം ചെയ്ത് കുട്ടപ്പനായിരുന്നു വൈറ്റില ഹബ്ബ്. അടിപൊളിയെന്ന് ഏവരും മാർക്കിട്ടു. ബസ് ഓടിയോടി ഇന്റർലോക്കെല്ലാം പൊട്ടിപ്പൊളിഞ്ഞു. കുഴിയായി. യാത്ര ദുരിതമായി. നവീകരണത്തിന് ആവശ്യം ഉയർന്നു. വീണ്ടും കട്ടവിരിക്കാനും മറ്റുമായി ലക്ഷങ്ങൾ നീക്കിവച്ചു. ഇന്റർലോക്ക് കട്ടകളെല്ലാം പൊളിച്ചുമാറ്റി. വിരിക്കാൻ പുതിയ കട്ടകൾ കെട്ടുകെട്ടായി എത്തിച്ചു. പക്ഷേ പണിമാത്രം നടന്നില്ല. ഫലത്തിൽ ഹബ്ബാകെ തരിപ്പണം.
അടിസ്ഥാന സൗകര്യമില്ല ബസ് ഹബ്ബിൽ പാർക്ക് ചെയ്യുന്നതിന് 100രൂപയും വന്നുപോകുന്നതിന് 20 രൂപയും പ്രതിദിനം നൽകണം. ബസ് ജീവനക്കാർക്ക് അടിസ്ഥാന സൗകര്യംപോലും ഇവിടെയില്ല. ആറ് ടോയ്‌ലെറ്റുകളാണുള്ളത്. മൂന്നെണ്ണം അടച്ചിട്ടിരിക്കുകയാണ്. പണി പൂർത്തിയായിട്ടില്ലത്രേ..ദീർഘദൂര സർവീസ് നടക്കുന്ന ബസുകളിലെ ജീവനക്കാർക്ക് കുളിച്ചുമാറാനും ഇടമില്ല.
ബസിലിരുന്നാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. പൊടിക്കാറ്റും മറ്റും സഹിക്കണം. ബസ് ജീവനക്കാർക്ക് ഭക്ഷണം കഴിക്കാനുള്ള സംവിധാനം പോലുമില്ല. മൊബിലിറ്റി ഹബ്ബ് എന്ന് പേരിന് മാത്രമുള്ളൂ. ജയൻ ബസ് ഡ്രൈവർ വൈറ്റില- മുണ്ടക്കയം റൂട്ട്
ഹബ്ബിലേക്ക് എത്തിയാൽ പൊടിമയമാണ്. മൂക്കുപൊത്താതെ രക്ഷയില്ല. തൂവാലകൊണ്ട് മൂടികെട്ടുകയല്ലാതെ മറ്റു മാർഗമില്ല ജിസ് ഡ്രൈവർ വൈറ്റില - പത്തനംതിട്ട റൂട്ട്
മഴയൊന്ന് പെയ്താൽ പിന്നെ ഹബ്ബിലൂടെ നടക്കാനേ കഴിയില്ല. അത്രയും ചെളിയാണ്. മാസങ്ങളായി ദുരിതം അനുഭവിക്കുന്നു. കട്ടകളെല്ലാം എത്തിച്ചിട്ടുണ്ട്. ഇതൊന്ന് വിരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. കാലതാമസം എന്താണെന്ന് ജനങ്ങളോട് പറയണം. ജയൻ ഡ്രൈവർ വൈറ്റില-കോട്ടയം റൂട്ട്
പൊടി, അല്ലെങ്കിൽ ചെളി.. രണ്ടും ആളുകളെ വലയ്ക്കുകയാണ്. ഒരു മിനിട്ട്‌പോലും ഇവിടെ നിൽക്കാൻ പറ്റില്ല. അതാണ് അവസ്ഥ. അഖിൽ അപ്പുക്കുട്ടൻ തൃപ്പൂണിത്തുറ യാത്രക്കാരൻ