ബിവറേജസിലെത്തി ദക്ഷിണ നല്‍കി കുപ്പി വാങ്ങി യുവാവ്; പ്രത്യേക ആക്ഷന് പിന്നിലൊരു കാരണമുണ്ട്
കോട്ടയം: രാവിലെ കോട്ടയം പൊന്‍കുന്നത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ഷട്ടര്‍ തുറന്നു. തൊട്ട് പിന്നാലെ കുപ്പി വാങ്ങാന്‍ എത്തിയ യുവാവ് സംഭവം ആഘോഷമാക്കിയാണ് സാധനം വാങ്ങി മടങ്ങിയത്. ബെവ്‌കോ ഉദ്യോഗസ്ഥന് ദക്ഷിണ നല്‍കിയാണ് കുപ്പി വാങ്ങി ആഘോഷമാക്കിയത്. വെറ്റിലയും അടയ്ക്കയും സഹിതം ഉപയോഗിച്ച് അതില്‍ പണം വെച്ചാണ് ഉദ്യോഗസ്ഥന് നല്‍കിയത്. ഏറെ നാളായുള്ള കാത്തിരിപ്പിന് ശേഷം ബിവറേജസ് തുറന്നതോടെയാണ് സംഭവം വ്യത്യസ്തമാക്കാന്‍ യുവാവ് തീരുമാനിച്ചത്.
സാങ്കേതിക കാരണങ്ങളെ ചൊല്ലി കഴിഞ്ഞ വര്‍ഷം ആണ് പൊന്‍കുന്നത്തെ ബെവ്‌കോ ഔട്ട്‌ലെറ്റ് അടച്ച് പൂട്ടിയത്. പിന്നീട് തിങ്കളാഴ്ച (ഓഗസ്റ്റ് 25) രാവിലെയാണ് വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ബിവറേജസ് സ്ഥിതിചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന രഞ്ജു എന്ന യുവാവാണ് സന്തോഷം പ്രകടിപ്പിക്കാന്‍ വ്യത്യസ്ഥമായ ആക്ഷനുമായി രംഗത്ത് വന്നത്. വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്ന ബിവറേജസില്‍ നിന്ന് ആദ്യം വില്‍ക്കുന്ന കുപ്പി വാങ്ങാനാണ് നെറ്റിയില്‍ ഭസ്മക്കുറിയും ചാര്‍ത്തി കൈയില്‍ ദക്ഷിണയുമായി യുവാവ് എത്തിയത്.
ഇനി ഈ ബെവറജസ് പൂട്ടരുതേയെന്നാണ് രഞ്ജുവിന്റെ മാത്രമല്ല, തങ്ങളുടെയെല്ലാം പ്രാര്‍ത്ഥനയെന്ന് ഉദ്ഘാടനത്തിനെത്തിയവര്‍ പറയുന്നു. പൊന്‍കുന്നത്ത് ബിവറേജസ് പൂട്ടിയിരുന്ന സമയത്ത് ദീര്‍ഘദൂരം യാത്രചെയ്ത് പാല, എരുമേലി, പള്ളിക്കത്തോട് എന്നിവിടങ്ങളില്‍ നിന്നാണ് ആളുകള്‍ മദ്യം വാങ്ങിയിരുന്നതെന്നും ഉദ്ഘാടനത്തിന് എത്തിയവര്‍ പറയുന്നു.