നടന്നത് അതിക്രൂര കൊലപാതകം: ദർശിതയെ കൊന്നത് വായയിൽ ഡിറ്റനേറ്റർ വച്ച് തലതകർത്ത്
കണ്ണൂർ: മോഷണത്തിന്റെയും പിന്നാലെയുള്ള ക്രൂര കൊലപാതകത്തിന്റെയും ഞെട്ടലിലാണ് കണ്ണൂർ ഇരിക്കൂറിലെ കല്യാട് ഗ്രാമം.ചുങ്കസ്ഥാനം സിബ്ഗ കോളേജിന് സമീപം അഞ്ചാംപുര വീട്ടിൽ കെ.സി.സുമതിയുടെ വീട്ടിൽ നിന്നാണ് വെള്ളിയാഴ്ച പകൽ 30 പവനും നാല് ലക്ഷം രൂപയും മോഷണം പോയത്.ശേഷം ഞായറാഴ്ച മകൻ എ.പി.സുഭാഷിന്റെ ഭാര്യ ദർശിതയെ(22) കർണാടക സാലിഗ്രാമിലെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.പാറ പൊട്ടിക്കാനുപയോഗിക്കുന്ന ഡിറ്റനേറ്റർ വായിൽ വച്ച് പൊട്ടിച്ചാണ് കൊലപാതകം.ഡിറ്റനേറ്റർ മൊബൈൽ ചാർജറിൽ ഘടിപ്പിച്ച നിലയിലായിരുന്നു.സ്ഫോടനത്തിൽ തല പൂർണമായും തകർന്നു.വായിൽ തിരുകി വൈദ്യുതിയുമായി ബന്ധപ്പിച്ച് പൊട്ടിച്ചാണ് കൊല നടത്തിയതെന്ന്കരുതുന്നു. ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടമാക്കാനായിരുന്നു ലക്ഷ്യം.
സംഭവത്തിൽ യുവതിയുടെ സുഹൃത്ത് കർണ്ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.ഇരുവരും തമ്മിൽ ആറ് വർഷത്തെ ബന്ധവും സാമ്പത്തിക ഇടപാടുമുണ്ട്.കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതും വിദേശത്തുള്ള ഭർത്താവിനൊപ്പം പോകാൻ തീരുമാനിച്ചതും സിദ്ധരാജുവിനെ പ്രകോപിപ്പിച്ചതായി പൊലീസ് പറഞ്ഞു.കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് യുവാവ് കർണാടക പൊലീസിന് മൊഴി നൽകിയത്.ഞായറാഴ്ച്ച രാവിലെ ഒരുമിച്ച് അമ്പലത്തിൽ പോയ ശേഷം ലോഡ്ജിൽ മുറിയെടുത്തു.പിന്നീട് ഭക്ഷണം വാങ്ങാൻ താൻ പുറത്തുപോയി.തിരികെയെത്തിയപ്പോൾ ദർശിത മുറി തുറന്നില്ലെന്നും ലോഡ്ജ് ജീവനക്കാരെത്തി വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് ദർശിതയെ മരിച്ച നിലയിൽ കണ്ടതെന്നുമാണ് ഇയാളുടെ മൊഴി.കൊലപാതകത്തിലും മോഷണത്തിലും സിദ്ധരാജുവിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.കരിക്കോട്ടക്കരി ഇൻസ്‌പെക്ടർ കെ.ജെ.ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘം കർണാടകയിലെത്തിയിട്ടുണ്ട്. മോഷണത്തിന് പിന്നിൽ ദർശിതയാണോയെന്നും സ്ഥിരീകരിച്ചിട്ടില്ല.കളവുമുതൽ കണ്ടെത്തിയിട്ടുമില്ല.
ജന്മനാട്ടിലേക്കായി ഇറങ്ങി; മടങ്ങിവന്ന് സ്വർണവും പണവുമെടുത്ത് മുങ്ങി?
വെളളിയാഴ്ച്ച രാവിലെ ദർശിത മകൾ അരുന്ധതിയുമായി സ്വന്തം നാടായ കർണാടക ഹുൻസുർ ബിലിക്കരെയിലേക്കെന്ന വ്യാജേന കല്യാട്ടെ വീട്ടിൽ നിന്നിറങ്ങി.ഭർതൃമാതാവ് സുമതിയും സഹോദരൻ സൂരജുമപ്പോൾ വീട്ടിലുണ്ടായിരുന്നു.ഇവർ ജോലിക്ക് പോയ ശേഷം ദർശിത തിരിച്ചെത്തി വീട്ടിലുണ്ടായിരുന്ന താക്കോലുപയോഗിച്ച് വാതിൽ തുറന്ന് മോഷണം നടത്തിയെന്നാണ് പൊലീസ് നിഗമനം.തിരിച്ചെത്തിയ ഭർതൃമാതാവ് താക്കോൽ അന്വേഷിച്ചപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.അപ്പോൾ ദർശിതയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരിച്ചില്ലെന്ന് ഭർതൃസഹോദരൻ പറഞ്ഞു.