മുൾമുനയിൽ കയറ്റുമതി മേഖല
50% പകരച്ചുങ്കം നാളെ മുതൽ
കൊച്ചി: ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ നാളെ പ്രാബല്യത്തിലാകും. പകരച്ചുങ്കമായി 25 ശതമാനം ഈടാക്കുന്നതിന് പുറമെയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം പിഴത്തീരുവ ഈടാക്കുന്നത്. ഇതോടെ രാജ്യത്തെ കയറ്റുമതി രംഗം കടുത്ത അനിശ്ചിതത്വത്തിലാണ്. സ്വർണ, വജ്രാഭരണങ്ങൾ, തുണിത്തരങ്ങൾ മുതൽ സമുദ്രോത്പന്നങ്ങൾക്ക് വരെ തീരുമാനം പ്രതികൂലമായി ബാധിക്കും.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ അമേരിക്കയിലേക്ക് പ്രതിവർഷം 8,700 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് അയക്കുന്നത്. നിലവിൽ അമേരിക്ക 25 ശതമാനം തീരുവയാണ് ഈടാക്കുന്നത്. 50 ശതമാനം തീരുവ വരുന്നതാേടെ പ്രധാന എതിരാളികളായ വിയറ്റ്നാം, ബംഗ്ളാദേശ്, മെക്‌സികോ എന്നിവയോട് മത്സരിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. പുതിയ സാഹചര്യത്തിൽ കയറ്റുമതിയിൽ 50 ശതമാനത്തിലധികം ഇടിവുണ്ടായേക്കും. ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ(ജി.ഡി.പി) 0.2 ശതമാനം മുതൽ 0.5 ശതമാനം വരെ കുറവുണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
തിരിച്ചടി നേരിടുന്ന മേഖലകൾ
വാഹനങ്ങൾ, വാഹന ഘടക ഭാഗങ്ങൾ, സ്റ്റീൽ, അലുമിനിയം, സോളാർ മൊഡ്യൂളുകൾ, സമുദ്രോത്പന്നങ്ങൾ, ജെം ആൻഡ് ജുവലറി, കാർഷിക ഉത്പന്നങ്ങൾ, സംസ്‌കരിച്ച ഭക്ഷ്യോത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ തിരിച്ചടി നേരിട്ടേക്കും
ആശ്വാസം
ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ എന്നിവയ്ക്ക് പിഴത്തീരുവയില്ല
ഇടപെടാൻ റിസർവ് ബാങ്ക്
അമേരിക്ക 50 ശതമാനം തീരുവ നടപ്പാകുമ്പോൾ സാമ്പത്തിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ റിസർവ് ബാങ്ക് ആശ്വാസ നടപടികൾ പ്രഖ്യാപിച്ചേക്കും. അടുത്ത ധന നയത്തിൽ മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര സൂചന നൽകി.
ജി.എസ്.ടി ഇളവ് ഉടൻ നടപ്പാക്കും
കയറ്റുമതിയിലെ തിരിച്ചടി നേരിടാൻ ആഭ്യന്തര ഉപഭോഗം ഉയർത്താൻ ജി.എസ്.ടി പരിഷ്കരണം വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. 12%, 28% സ്ളാബുകൾ ഒഴിവാക്കി 5%, 18% നിരക്കുകളായി നികുതി ഏകീകരിക്കാനുള്ള തീരുമാനം വിപണിയിൽ ഉപഭോഗ ഉണർവ് ശക്തമാക്കുമെന്ന് വിലയിരുത്തുന്നു. സെപ്തംബർ മൂന്ന് മുതൽ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനത്തിന് പച്ചക്കൊടി നൽകിയേക്കും.