നാടോടിക്കാറ്റിന്റെ നാലാംഭാഗം എന്ന് പുറത്തിറങ്ങും , മറുപടിയുമായി സത്യൻ അന്തിക്കാട്
മലയാളത്തിൽ നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കിയ കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ജോഡി. ടി.പി. ബാലഗോപാലൻ എം,എ മുതൽ റിലീസിനൊരുങ്ങുന്ന ഹൃദയപൂർവം വരെ എത്രയെത്ര സിനിമകളാണ് ഇവർ മലയാളത്തിന് സമ്മാനിച്ചത്. സത്യൻ അന്തിക്കാടും മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു നാടോടിക്കാറ്റ്. മോഹൻലാലിന്റെ ദാസനും ശ്രീനിവാസന്റെ വിജയനും തിയേറ്ററുകളിൽ ഒരുക്കിയ പൊട്ടിച്ചിരിയുടെ അലയൊലികൾ ഇന്നും അടങ്ങിയിട്ടില്ല. പിന്നീട് നാടോടിക്കാറ്റിന്റെ രണ്ടാംഭാഗം പട്ടണപ്രവേശം സംവിധാനം ചെയ്തതും സത്യൻ അന്തിക്കാടായിരുന്നു. എന്നാൽ മൂന്നാംഭാഗമായ അക്കരെ അക്കരെ അക്കരെ പ്രിയദർശന്റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. നാടോടിക്കാറ്റിന് നാലാംഭാഗം ഉണ്ടാകുമോ എന്നത് ആരാധകർ വർഷങ്ങളായി ചോദിക്കുന്ന ഒന്നാണ്. ഈ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിലാണ് സത്യൻ അന്തിക്കാട് ദാസന്റെയും വിജയന്റെയും നാലാവരവിന്റെ കാര്യത്തിൽ വ്യക്തത നൽകിയത്.
നാടോടിക്കാറ്റിന് നാലാംഭാഗം ഉണ്ടാകില്ലെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ദാസനും വിജയനും മാറിപ്പോയി. നമ്മുടെ മനസിലുള്ള, എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് പറയുന്ന ആ ദാസന്റെയും വിജയന്റെയും പ്രായം മാറിപ്പോയി. ഈ ദാസനെയും വിജയനെയും വച്ച് വാലാംഭാഗം എടുക്കാൻ പറ്റില്ല. 'അക്കരെ അക്കരെ അക്കരെ' ഇറങ്ങിയ സമയത്ത് നാലാംഭാഗത്തെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. സത്യമംഗലം കാടുകളിൽ വീരപ്പൻ വിരാജിച്ചിരുന്ന കാലത്ത് ദാസനും വിജയനും കൂടി വീരപ്പനെ പിടികൂടാൻ പോയാൽ എങ്ങനെയിരിക്കും എന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു, എന്നാൽ അത് വർക്കൗട്ടായില്ല. പിന്നീട് ലാലും ശ്രീനിവാസനും കൂടി നാലാംഭാഗത്തെ കുറിച്ച് ഒരു ത്രെഡ് പറഞ്ഞിരുന്നു. നാടോടിക്കാറ്റും പട്ടണപ്രവേശവും മലയാളികളുടെ മനസിൽ നിൽക്കുന്നുണ്ടല്ലോ. അത് അങ്ങനെ തന്നെ നിൽക്കട്ടെ എന്നാണ് അവരോട് പറഞ്ഞതെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.