ഇത് കർശന നടപടി വി.ഡി.സതീശൻ
തിരുവല്ല : പാർട്ടിക്കും പൊലീസിനും ഒരു പരാതിപോലും ലഭിക്കാതിരുന്നിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തിരുവല്ലയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കേരളത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടി ഇത്തരം സംഭവത്തിൽ കാർക്കശ്യത്തോടെ നടപടിയെടുക്കുന്നത്. പാർട്ടിയുടെ മുൻനിരയിലുള്ള ആളായിരുന്നിട്ടും രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന ബി.ജെ.പിക്കും സി.പി.എമ്മിനും ധാർമ്മികത പറയാൻ എന്ത് അവകാശം. സി.പി.എം നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുപോലും അവരൊക്കെ പദവികളിൽ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ ആരോപണവിധേയർ ഇരിക്കുകയാണ്.രാഹുലിന്റെ രാജി ആവശ്യപ്പെട്ട സി.പി.എം വനിതാനേതാക്കളാരും ആരോപണ വിധേയരായ സി.പി.എം നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല. സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോഴാണ് കോൺഗ്രസ് നടപടി സ്വീകരിച്ചത്. ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്ത്രീകൾക്കെതിരെ സൈബർ ആക്രമണം കേരളത്തിൽ തുടങ്ങിവച്ചത് സി.പി.എം ആണെന്നായിരുന്നു മറുപടി. ഒരു സ്ത്രീ പോലും സൈബർ ഇടത്തിൽ ആക്രമിക്കപ്പെടരുത് എന്നതാണ് നിലപാട്. സ്ത്രീകളെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നത് ഒരുതരം മനോരോഗമാണെന്നും പറഞ്ഞു.
സ്ത്രീപക്ഷ നിലപാട് കോൺഗ്രസ് അജൻഡ: ചെന്നിത്തല
തിരുവനന്തപുരം:സ്ത്രീപക്ഷ നിലപാട് കോൺഗ്രസ് അജൻഡയാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.രാഹുൽ മാങ്കുട്ടത്തിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് നേതൃത്വം ഐകകണ്ഠ്യേന എടുത്ത തീരുമാനം. എന്നാൽ സി.പി.എം എല്ലാക്കാലത്തും സ്ത്രീപീഡകർക്ക് കൂടാരം ഒരുക്കുന്ന പാർട്ടിയാണ്. രാഹുൽ വിഷയത്തിൽ കോൺഗ്രസിന് എടുക്കാൻ കഴിയുന്ന ഏറ്റവും മാതൃകാപരമായ തീരുമാനമാണിത്.ചെന്നിത്തല പറഞ്ഞു.
രാഹുൽഗാന്ധിപറഞ്ഞാലും മാങ്കൂട്ടത്തിൽ കേൾക്കില്ല:പത്മജ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കെണ്ടെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ വിമർശിച്ച് പത്മജ വേണുഗോപാൽ. രാഹുൽ മാങ്കൂട്ടത്തിലിന് എന്തെങ്കിലും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. രാഹുൽ ഗാന്ധി വന്നു പറഞ്ഞാൽ പാലക്കാട് എം.എൽ.എ.കേൾക്കില്ല.അദ്ദേഹത്തെ സംരക്ഷിക്കാൻ ആളുണ്ട് .പരാതി പറഞ്ഞവർ മോശക്കാരും തെറ്റുകാരൻ വിശുദ്ധനും ആകും. പത്മജ പറഞ്ഞു.
ഏറ്റവും ജീർണമായ അദ്ധ്യായം: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത്രയും ജീർണമായ അദ്ധ്യായം ഉണ്ടായിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.രാഹുലിനെതിരെ നടപടിയെടുത്താൽ കോൺഗ്രസിനകത്തുള്ള ജീർണത പുറത്തുവരുമെന്ന ഭയം നിലപാട് സ്വീകരിക്കുന്നതിന് തടസമാകുന്നുണ്ട്.ഇനി ആരുടെയൊക്കെ ആരോപണങ്ങൾ വരുമെന്ന് കാത്തിരുന്നുകാണാം.ഉപതിരഞ്ഞെടുപ്പ് ഭയന്നല്ല കോൺഗ്രസ് രാജി ചോദിക്കാത്തത്.കോൺഗ്രസ് നേതാക്കളാകെ ആവശ്യപ്പെട്ടത് രാഹുൽ രാജിവയ്ക്കണമെന്നാണ്.കേരളം ആഗ്രഹിക്കുന്നതുമതാണ്.ആ നിലപാടിനൊപ്പമാണ് സി.പി.എം.കോൺഗ്രസ് എന്ത് നടപടിയെടുക്കും എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.വിഷയത്തിൽ സി.പി.എമ്മിന് ഗുണമൊന്നുമില്ല.ബി.ജെ.പിക്ക് എം.പിമാരെയും എം.എൽ.എമാരെയും സൃഷ്ടിച്ച പാർട്ടിയാണ് കോൺഗ്രസ്.രാഹുൽ മാങ്കൂട്ടത്തിലിന് എം.എൽ.എ ആയി പ്രവർത്തിക്കാമെന്ന തെറ്റിദ്ധാരണ വേണ്ടെന്നും സി.പി.എം ആത്മാഭിമാന സദസ് ഉൾപ്പെടെ നടത്തുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.