എം.എൽ.എയുടെ രാജി ധാർമ്മികത ഇല്ലാത്ത ആവശ്യം: സണ്ണി ജോസഫ്
ഇരിട്ടി(കണ്ണൂർ): പാർട്ടിക്കോ, നിയമ സംവിധാനങ്ങൾക്കോ പരാതികൾ ലഭിക്കാത്ത സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് എതിരാളികൾ ആവശ്യപ്പെടുന്നതിൽ യുക്തിയും ധാർമ്മികതയും ഇല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.
ആരോപണം ഉയർന്നപ്പോൾ തന്നെ പരാതികൾക്കോ കേസുകൾക്കോ കാത്തുനിൽക്കാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാഹുൽ ഒഴിഞ്ഞിരുന്നു.
പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും മുതിർന്ന നേതാക്കളുമായും മുൻ കെ.പി.സി.സി പ്രസിഡന്റുമാരുമായും യു.ഡി.എഫ് കൺവീനറുമായും മറ്റ് നേതാക്കളുമായും കൂടിയാലോചിച്ചാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്യാൻ ഐക്യകണ്ഠേന തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഗുരുതരമായ കേസുകളിൽ എഫ്.ഐ.ആർ ചാർജ് ഷീറ്റ് നൽകിയിട്ടും എം.എൽ.എ സ്ഥാനം രാജിവെക്കാത്ത നിരവധി സംഭവങ്ങൾ കേരളത്തിൽ ഉണ്ട്. അവർ ആരാണെന്ന് താൻ വ്യക്തമാക്കുന്നില്ല. എല്ലാം എല്ലാവർക്കും അറിയാവുന്നതാണ് . കോൺഗ്രസ് പാർട്ടി സ്ത്രീകളുടെ ആത്മാഭിമാനവും അന്തസ്സും മാന്യതയും സുരക്ഷിതത്വവും സംരക്ഷിക്കാൻ എന്നും പ്രതിജ്ഞാബദ്ധമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്‌പെൻഡ് ചെയ്യുന്നതെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.
ഉപതിരഞ്ഞെടുപ്പാണെങ്കിൽ
പീരുമേട് മുന്നിലുണ്ടല്ലോ
ഉപതിരഞ്ഞെടുപ്പ് ഭീതികൊണ്ടാണോ രാഹുൽ മാങ്കുട്ടത്തിലിന്റെ എം.എൽ.എ സ്ഥാനം നിലനിർത്തുന്നത് എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെയെങ്കിൽ പീരുമേട് മുൻപിൽ ഉണ്ടല്ലോ എന്നായിരുന്നു പ്രതികരണം.
ഉപതെരഞ്ഞെടുപ്പിനെ കോൺഗ്രസ് ഭയപ്പെടുന്നില്ല. ഇത് പാർട്ടിയുടെ എല്ലാതലത്തിലുമുള്ള നേതാക്കളോടും ആലോചിച്ചെടുത്ത തീരുമാനമാണെന്നും പറഞ്ഞു.
രാഹുൽ സ്ഥാനം രാജിവയ്ക്കണം: സി.പി.ഐ
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ത്രീയുടെ എല്ലാ അവകാശങ്ങളേയും മാനിക്കണം. സമ്മതമില്ലാതെ സ്ത്രീക്കെതിരെ എന്തു ചെയ്താലും തെറ്റാണ്. ഈ സംഭവത്തിലെ മൂല്യബോധം കോൺഗ്രസ് തീരുമാനിക്കട്ടെ. മുകേഷ് എം.എൽ.എയുടെ കേസുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആക്ഷേപങ്ങൾ കൂട്ടിക്കുഴക്കേണ്ടെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
വീട്ടിൽ തുടർന്ന് രാഹുൽ
അടൂർ : കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെയും അടൂരിലെ വീട്ടിൽ തുടർന്നു.വനിതാ നേതാക്കൾ ഉൾപ്പടെ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും രാഹുലിനെ കാണാനെത്തി. മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
സൈബർ ആക്രമണം ഗൗനിക്കില്ല : ഉമ തോമസ്
കൊച്ചി: മുൻ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതികരണങ്ങൾക്ക് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളെ ഗൗനിക്കുന്നില്ലെന്നും പറഞ്ഞ നിലപാടുകളിൽ മാറ്റമില്ലെന്നും ഉമ തോമസ് എം.എൽ.എ. രാഹുലിനെതിരായ വിമർശനം വ്യക്തിപരമായ നിലപാടാണ്. ഒന്നിലറെ സ്ത്രീകൾ രാഹുലിനെതിരെ പരാതി പറയുമ്പോൾ വിമർശിക്കാതിരിക്കാനാകില്ല. ബാക്കിയെല്ലാം പാർട്ടി തീരുമാനമാണ്.