കെൽട്രോണും കെല്ലും മികച്ച പൊതുമേഖല സ്ഥാപനങ്ങൾ
കൊച്ചി: 2024-25 വർഷത്തെ മികച്ച പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങൾ വ്യവസായമന്ത്രി പി. രാജീവ് വിതരണം ചെയ്തു. ക്യാഷ് അവാർഡും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
200 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള വിഭാഗത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) പുരസ്കാരം നേടി. 100 മുതൽ 200 കോടി രൂപ വരെ വിഭാഗത്തിൽ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് (കെൽ) കമ്പനിയും 50 മുതൽ 100 കോടി രൂപ വരെ വിഭാഗത്തിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസും 50 കോടിയിൽ താഴെ കെൽട്രോൺ ഇലക്ട്രോ സെറാമിക്സും പുരസ്കാരങ്ങൾ കരസ്ഥമാക്കി.
മികച്ച മാനേജിംഗ് ഡയറക്ടർ പുരസ്കാരം സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സിന്റെ പി. സുരേഷ്, കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ഡോ. പ്രതീഷ് പണിക്കർ എന്നിവർ നേടി. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, കെ.എസ്.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.