നിമിഷപ്രിയ: മാദ്ധ്യമങ്ങളെ വിലക്കണമെന്ന ആവശ്യം തള്ളി
ന്യൂഡൽഹി: നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ വിലക്കണമെന്ന സുവിശേഷകൻ ഡോ.കെ.എ പോളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നിമിഷപ്രിയയുടെ അഭ്യർത്ഥനയാണെന്ന് അവകാശവാദമുന്നയിച്ചു കൊണ്ടായിരുന്നു ഹർജി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലെ അഡ്വ.കെ.ആർ.സുഭാഷ് ചന്ദ്രൻ എന്നിവർ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇടപെടില്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തതോടെ സുവിശേഷകൻ ഹർജി പിൻവലിച്ചു.
യെമനിലെ പണ്ഡിതൻ കേരളത്തിൽ എത്തും
കൊച്ചി: നിമിഷ പ്രിയ കേസിൽ, കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി മദ്ധ്യസ്ഥ ചർച്ച നടത്തിയ യെമനിലെ സൂഫി പണ്ഡിതൻ ഹബീബ് ഉമർ ഹഫീള് തങ്ങൾ സെപ്തംബർ 4 ന് കേരളത്തിലെത്തും. എ.പി അബൂബക്കർ മുസ്ല്യാരുടെ അഭ്യർത്ഥന പ്രകാരമാണ് ഇദ്ദേഹം വിഷയത്തിൽ ഇടപെട്ടത്. കേരളത്തിലെത്തുന്ന സൂഫി പണ്ഡിതനെ നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ സന്ദർശിക്കും. അദ്ദേഹത്തെ കാണാൻ സൗകര്യം ഒരുക്കാമെന്ന് മർക്കസ് കേന്ദ്രങ്ങൾ ഉറപ്പ് നൽകിയതായി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.