ഷാജി എൻ. കരുണിന്റെ 'പ്രാണൻ' അഭ്രപാളിയിൽ നിറഞ്ഞ് സാനുമാഷ്
തിരുവനന്തപുരം: സാനു മാഷിന്റെ ക്ലാസിലിരുന്നു പഠിക്കാനുള്ള ഭാഗ്യം ലഭിക്കാത്തവർ, അദ്ദേത്തെ കേൾക്കാത്തവർ... അവരുടെ മുന്നിൽ 'പ്രാണൻ' തെളിയുമ്പോൾ ആ കുറവ് ഇല്ലാതാകും. വിശ്വചലച്ചിത്രകാരൻ ഷാജി എൻ. കരുൺ അവസാനമായി ഒരുക്കിയ 'പ്രാണൻ' സാനുമാഷിനെ കുറിച്ചുളള ഡോക്യുമെന്ററിയാണ്. അതാണ് ഇന്നലെ കൈരളി തിയേറ്ററിൽ പ്രദർശിപ്പിച്ചത്. ഷൂട്ടിംഗ് പൂർത്തിയായ ഡോക്യുമെന്ററിയുടെ പൂർണ രൂപം കാണാതെയാണ് സാനുമാഷും ഷാജി എൻ.കരുണും വിട പറഞ്ഞത്.
അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ ഹോമേജ് വിഭാഗത്തിലായിരുന്നു പ്രദർശനം.
''വേദന എല്ലാവരിലും ഒരേ തരത്തിലുള്ള പ്രതികരണമാണ് ഉണ്ടാക്കുന്നതെന്ന് എനിക്കു തോന്നിയിട്ടില്ല. ചിലരെ വളരെ വികൃതാത്മാക്കളാക്കി മാറ്രും . കൂടുതൽ വേദന അനുഭവിച്ചനുഭവിച്ച് അവർക്ക് ലോകത്തോടു തന്നെ വിദ്വേഷം ഉണ്ടാകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചിലർ വേദനയിലൂടെ ശുദ്ധീകരിക്കപ്പെടും. ചിലർ മറ്റുള്ളവരുടെ വേദന ഏറ്റെടുക്കും. അത് കർമ്മശേഷിയായി മാറും അത് ദൈവീകവുമാണ്.
മറ്റുള്ളവരുടെ വേദനയിൽ നിന്നാണ് രാമയണം ഉണ്ടായത്. വേദനയിൽ നിന്നാണ് ലോകത്തിലെ മഹത്തായ എല്ലാ സൃഷ്ടികളും ഉണ്ടായിട്ടുള്ളത്.
മനുഷ്യൻ തന്നെ മനുഷ്യനായത് വേദനയിലാണ്. മറ്റുള്ള ജീവികളെ അപേക്ഷിച്ച് പ്രസവം ഏറ്റവും പ്രയാസം മനുഷ്യനാണ്. മനുഷ്യത്വം ഉണ്ടങ്കിലെ ആ വേദനയിലൂടെ കടന്നു പോകാൻ സാധിക്കുകയുള്ളൂ...
ജാതി ,മതം എന്നിവയ്ക്ക് അതീതമായി കാണുന്ന വീക്ഷണം എങ്ങനെയോ ഞങ്ങൾക്ക് പരിചിതമായിരുന്നു. അതിന്റെ ഉറവ മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് എന്ന ശ്രീനാരാണയണ ഗുരുവിന്റെ വളരെ വിശ്വവിശാലമായ സന്ദേശമായിരുന്നു....''- സാനു മാഷ് സംസാരിക്കുന്നു.
ഇന്നലെ വൈകിട്ട് 3.40ന് ആരംഭിച്ച പ്രദർശനം കാണാൻ രണ്ടു പ്രതിഭകളുടെയും കുടുംബാഗങ്ങളും ശിഷ്യരും എത്തിയിരുന്നു. ഷാജി എൻ.കരുണിന്റെ ഭാര്യ അനസൂയ വാര്യർ, സഹോദരി ഷീലാ വാര്യർ, എം.കെ.സാനുവിന്റെ മകൻ എം.എസ്.രഞ്ജിത്ത്, ഡോക്യുമെന്ററി നിർമ്മിച്ച സാനുമാഷിന്റെ സുഹൃത്ത് കെ.വി.വാസുദേവൻ തുടങ്ങിയവർ ആദ്യ പ്രദർശനത്തിനെത്തി.