​ ആഴിമല ശിവക്ഷേത്രം ചരിത്രത്തിൽ ഇടം നേടും: ഗവർണർ ആർലേക്കർ

Tuesday 26 August 2025 1:31 AM IST

കോവളം :പുരാണ കഥകൾ ഓർക്കാനും, ശിവ വൈഭവത്തിന്റെ മാഹാത്മ്യം മനസിലാക്കാനും പര്യാപ്തമായ ആഴിമല ശിവ ക്ഷേത്രം ചരിത്രത്തിൽ ഇടം നേടുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ക്ഷേത്രത്തിലെ ഗുഹാ ക്ഷേത്ര ധ്യാന മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ശിവനാണ് പ്രപഞ്ചത്തെ മുഴുവൻ നില നിറുത്തുന്നത്. ശിവനില്ലാതെ മറ്റൊരു ചരാചരങ്ങളും ഇല്ലെന്ന വസ്തുത ആഴിമലയിലെ ശിവ രൂപങ്ങളിൽ നിന്ന് മനസിലാകും. ക്ഷേത്രത്തിന്റെ സവിശേഷതകൾ കേന്ദ്ര സർക്കാരിനെ അറിയിക്കും. പ്രധാനമന്ത്രി കേരളത്തിലെത്തുന്ന സമയം ആഴിമലയും സന്ദർശനത്തിൽ ഉൾപ്പെടുത്തുവാൻ ഇടപെടൽ നടത്തുമെന്നും ഗവർണർ പറഞ്ഞു.

രാവിലെ 11.30 ഓടെ ക്ഷേത്രത്തിലെത്തിയ ഗവർണറെ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി എൻ.വിജയൻ, മേൽശാന്തി ജ്യോതിഷ് , ശില്പി ഡോ.പി. എസ് ദേവദത്തൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. എം. വിൻസെന്റ് എം.എൽ.എ

മുഖ്യാതിഥിയായിരുന്നു. ശ്രീകോവിലിലും ഉപ ക്ഷേത്രങ്ങളിലും ദർശനം നടത്തിയ ശേഷം കവാടത്തിലെ ശിലാഫലകം ഗവർണർ ഉദ്ഘാടനം ചെയ്തു. പിന്നീട് ഗുഹാക്ഷേത്രത്തിൽ ഇറങ്ങി ഭദ്രദീപം തെളിച്ചതിന് ശേഷം 40 മിനിട്ടോളം ശില്പങ്ങൾ വീക്ഷിച്ചു..ക്ഷേത്രം മാനേജർ ശ്രീനിവാസൻ, കീഴ്ശാന്തി അനീഷ് , ഭാരവാഹികളായ സലിൻ ലാൽ എസ്. എൽ, വിഷ്ണു വി , സുരേഷ് കുമാർ എസ്, പ്രോജക്ട് കോ-ഓർഡിനേറ്റർ രാഹുൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഗുഹാ മണ്ഡപം

മൂന്നു നിലകളിലായി 3500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഗുഹയോടു കൂടിയ മണ്ഡപമാണ് ഒരുക്കിയിട്ടുള്ളത്.ചുവരുകളില്‍ 17 ശില്പ ചാരുതയുള്ള രൂപങ്ങളും, താമരയും 3 കമൽ ഹസ്തിയും . ഉമാ മഹേശ്വരൻ പാർവ്വതിയെ പുണരുന്ന ശില്പമാണ് ആദ്യത്തേത്.മറ്റ് വിവിധ തരം ശില്പങ്ങളും ഒരുക്കിയിട്ടുണ്ട്.ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ ശില്പത്തിന്റെ വിവരണങ്ങൾ നൽകും .ഇതിനായി 12 ഓളം ക്ഷേത്രം ജീവനക്കാർ ശില്പത്തിന് അരികിലുണ്ടാകും.10 തൂണുകളാണ് ഗുഹയെ താങ്ങി നിർത്തുന്നത്. ഗുഹയ്ക്കുള്ളിൽ എത്തുന്നവർക്ക് ദേവഭൂമിയിൽ നിൽക്കുന്ന അനുഭൂതി തോന്നുന്ന രിതീയിലാണ് നിർമ്മാണം.