സംസ്ഥാനത്ത് 18പേർ ചികിത്സയിൽ: അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജനകീയ ക്യാമ്പയിൻ

Tuesday 26 August 2025 1:35 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 18പേർ അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായതോടെ ആരോഗ്യവകുപ്പ് പ്രതിരോധം കടുപ്പിക്കുന്നു. ജനകീയ ക്യാമ്പെയിനിലൂടെ രോഗവ്യാപനം തടയുകയാണ് ലക്ഷ്യം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് രോഗബാധിതർ. ഈ വർഷം 41കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈമാസം 30,31ന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യണം. ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കണം. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫ്ളാറ്റുകൾ എന്നിവിടങ്ങളിലും ഇത് പാലിക്കണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പെയിൻ. രോഗബാധിതരുടെ സ്ഥിതി വിലയിരുത്താൻ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു. ഓണ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പെയിനിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനങ്ങളും ബോധവത്കരണവും നൽകും.

വൃത്തിയാക്കിയില്ലെങ്കിൽ നടപടി

റിസോർട്ടുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിൻ അളവുകൾ പരിശോധിച്ച് ഉറപ്പ് വരുത്തണം. ഇത് പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കും.

പഴുതടച്ച് പ്രതിരോധം

ഒഴുക്കില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുത്. നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ ശുചിത്വത്തോടെ ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിർന്നവരുടേയോ മൂക്കിൽ ഒഴിക്കരുത്. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിക്കുമ്പോൾ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക. ജല സംഭരണികളും, ടാങ്കുകളും മൂന്ന് മാസം കൂടുമ്പോൾ കഴുകി വൃത്തിയാക്കണം.