കൈഫും അസ്ഹറും കസറി, റിപ്പിൾസിന് ആദ്യജയം

Monday 25 August 2025 11:43 PM IST

തി​രുവനന്തപുരം : കെ.സി​.എല്ലി​ൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തി​ൽ ട്രി​വാൻഡ്രം റോയൽസി​നെതി​രെ മൂന്ന് വിക്കറ്റ് വിജയം നേടി ആലപ്പി റിപ്പിൾസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഓവറിൽ 178/5 എന്ന സ്കോർ ഉയർത്തിയപ്പോൾ രണ്ട് പന്തുകളും മൂന്ന് വിക്കറ്റുകളും ശേഷിക്കേ റിപ്പിൾസ് ലക്ഷ്യത്തിലെത്തുകയായിരുന്നു. സീസണിലെ റിപ്പിൾസിന്റെ ആദ്യ ജയമാണിത്. അർദ്ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന മദ്ധ്യനിര ബാറ്റർ മുഹമ്മദ് കൈഫും(66*), 22 പന്തുകളിൽ 38 റൺസടിച്ച നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും 24 റൺസടിച്ച അക്ഷയ് ടി.കെയും 19 റൺസടിച്ച അരുൺ കെ.എയും ചേർന്നാണ് റിപ്പിൾസിന്റെ ആദ്യജയമൊരുക്കിയത്. കൈഫ് 30 പന്തുകളിൽ ഒരു ഫോറും ഏഴ് സിക്സുകളുമാണ് പായിച്ചത്. അസറുദ്ദീൻ അഞ്ചുഫോറും രണ്ട് സിക്സും പായിച്ചു

നേരത്തേ നായകൻ കൃഷ്ണപ്രസാദിന്റെ അർദ്ധസെഞ്ച്വറിയാണ് ( 67 നോട്ടൗട്ട്) റോയൽസിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.43 റൺസ് നേടിയ എം.നിഖിലും 31 റൺസടിച്ച അബ്ദുൽ ബാസിതും ക്യാപ്ടന് പിന്തുണ നൽകി.

ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ അവസാന രണ്ട്പന്തുകളിൽ സുബിനേയും(3) റിയ ബഷീറിനേയും (0) പുറത്താക്കി ആദിത്യ ബൈജു മികച്ച തുടക്കമാണ് റിപ്പിൾസിന് നൽകിയത്. നാലാം ഓവറിൽ ഗോവിന്ദ് ദേവ് പൈ(6) റൺ ഔട്ടായി. എന്നാൽ 13/3 എന്ന നിലയിൽ നിന്ന് കൃഷ്ണപ്രസാദ് ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റുവീശി. ബാസിതിനൊപ്പം 53 റൺസും നിഖിലിനാെപ്പം 98 റൺസും കൂട്ടിച്ചേർത്ത കൃഷ്ണപ്രസാദ് 53 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സും പായിച്ചു.

മറുപടിക്കിറങ്ങിയ റിപ്പിൾസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒൻപതോവറിൽ 73/4 എന്ന നിലയിലാണ്.