മിസ്റ്റ് പരിശോധന; മന്ത് രോഗം സ്ഥിരീകരിച്ചത് 512 അന്യസംസ്ഥാന തൊഴിലാളികൾക്ക്

Monday 25 August 2025 11:44 PM IST

മലപ്പുറം: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മൂന്നര വർഷത്തിനിടെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ മന്ത് രോഗം സ്ഥിരീകരിച്ചത് 512 പേർക്ക്. മൊബൈൽ ഇമിഗ്രന്റ്സ് സ്‌ക്രീനിംഗ് ടീമിന്റെ (മിസ്റ്റ്) നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തിയ 35,745 പേരിൽ രോഗലക്ഷണം പ്രകടിപ്പിച്ചവരെ തുടർപരിശോധനയ്ക്ക് വിധേയമാക്കിയാണ് രോഗം സ്ഥിരീകരിച്ചത്. 2022ൽ 10,940 അന്യസംസ്ഥാന തൊഴിലാളികളെ പരിശോധിച്ചതിൽ 131 പേർക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്. 2023ൽ 12,816 പേരെ പരിശോധിച്ചതിൽ 124 പേർക്ക് രോഗം കണ്ടെത്തി. 2024ൽ 12,619 പരിശോധനകളിലായി 179 പേർക്കും ഈ വർഷം ജൂലായ് വരെ 6,547 പരിശോധനകളിലായി 78 പേർക്കും രോഗം കണ്ടെത്തി. കൊതുകിലൂടെയാണ് രോഗാണു മനുഷ്യ ശരീരത്തിലെത്തുന്നത്. രോഗലക്ഷണം പ്രകടമാവാൻ വർഷങ്ങളെടുത്തേക്കാം. മലേറിയ, കുഷ്ഠം എന്നിവയ്ക്കായുള്ള പരിശോധനകളും മൊബൈൽ ഇമിഗ്രന്റ്സ് സ്‌ക്രീനിംഗ് ടീം നടത്തുന്നുണ്ട്. മൂന്ന് വർഷത്തിനിടെ മൂന്ന് പേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. നാല് പേർക്ക് കുഷ്ഠവും കണ്ടെത്തി. 2022ലാണ് ജില്ലയിൽ ഇത്തരത്തിൽ പരിശോധന ആരംഭിച്ചത്. ഒരു മെഡിക്കൽ ഓഫീസർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഒരു ലാബ് ടെക്നീഷ്യൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കൂടാതെ, മെഡിക്കൽ ക്യാമ്പുകളിലൂടെ അന്യസംസ്ഥാനതൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ബോധവത്ക്കരണവും നൽകാറുണ്ട്. പരമാവധി രോഗികളെ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകാൻ പരിശോധനകളുടെ എണ്ണത്തിലും വർദ്ധനവ് വരുത്തുന്നുണ്ട്.

വിവിധ വർഷങ്ങളിൽ മന്ത് രോഗം സ്ഥിരീകരിച്ചവർ

2022 - 131

2023 - 124

2024 - 179

2025 - 78

മലേറിയ സ്ഥിരീകരിച്ചവർ - 3

കുഷ്ഠം സ്ഥിരീകരിച്ചവർ -4