വിവരാവകാശ നിർദ്ദേശം കോടതി റദ്ദാക്കി, മോദിയുടെ ബിരുദം പുറത്തുവിടേണ്ടതില്ല, സ്‌മൃതിയുടെ മാർക്ക് ഷീറ്റും

Tuesday 26 August 2025 12:00 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റും മുൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ മാർക്ക് ഷീറ്റുകളും പുറത്തുവിടാനുള്ള കേന്ദ്ര വിവരാവകാശ കമ്മിഷൻ നിർദ്ദേശം ഡൽഹി ഹൈക്കോടതി റദ്ദാക്കി. പൊതുതാത്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സച്ചിൻ ദത്തയുടെ നടപടി.

ഉന്നത പൊതുപദവികൾ അലങ്കരിക്കുന്ന ആളുടേതാണെങ്കിൽ പോലും അക്കാഡമിക് രേഖകൾ വ്യക്തിഗത വിവരങ്ങളാണ്. വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനെ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര വിവരാവകാശ കമ്മിഷന് തെറ്റുപറ്രിയെന്നും കോടതി ചൂണ്ടിക്കാട്ടി.

മോദിയുടെ ബിരുദ സർട്ടിഫിക്കറ്ര് നൽകാനുള്ള വിവരാവകാശ കമ്മിഷൻ നിർദ്ദേശത്തിനെതിരെ ഡൽഹി സർവകലാശാലയും, സ്‌മൃതി ഇറാനിയുടെ മാർക്ക് ഷീറ്റുകൾ പുറത്തുവിടണമെന്നതിനെതിരെ സി.ബി.എസ്.ഇയുമാണ് കോടതിയെ സമീപിച്ചത്. ആക്‌ടിവിസ്റ്റ് നീരജ് ശ‌‌ർമ്മയാണ് വിവരാവകാശ നിയമപ്രകാരം മോദിയുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. സ്‌മൃതിയുടെ മാർക്ക് ഷീറ്റുകൾ ആവശ്യപ്പെട്ടത് മുഹമ്മദ് നൗഷാദുദ്ദീനും.

ലക്ഷ്യം സെൻസേഷണലിസം

1.പൊതുതാത്പര്യം, പൊതുപ്രവർത്തനം എന്നിവയുമായി ബന്ധമില്ലാത്ത വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തിലെ വകുപ്പ് 8 (1) ഐയിൽ വ്യക്തമാക്കിയിട്ടുണ്ട്

2.പൊതുതാത്പര്യത്തെക്കാൾ സെൻസേഷണലിസമാണ് പലരുടെയും നോട്ടം. അക്കാഡമിക് രേഖകൾ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ സർവകലാശാലയ്‌ക്ക് രഹസ്യമായി സൂക്ഷിക്കാമെന്നും കോടതി