ഛെത്രി ഇല്ലാതെ ഖാലിദിന്റെ സ്ക്വാഡ്
നേഷൻസ് കപ്പ് സ്ക്വാഡിൽ മലയാളികളായി ആഷിഖും ജിതിനും
ന്യൂഡൽഹി : ഈ മാസം 29ന് തുടങ്ങുന്ന സെൻട്രൽ ഏഷ്യൻ ഫുട്ബാൾ അസോസിയേഷൻ നേഷൻസ് കപ്പിനുള്ള 23 അംഗ ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ച് പുതിയ പരിശീലകൻ ഖാലിദ് ജമീൽ. മുൻനായകൻ സുനിൽ ഛെത്രിയെ ഒഴിവാക്കിയാണ് ഖാലിദ് സ്ക്വാഡിനെ തിരഞ്ഞെടുത്തത്. ഈമാസമാദ്യം തുടങ്ങിയ പരിശീലനക്യാമ്പിലും ഛെത്രിക്ക് ഇടമുണ്ടായിരുന്നില്ല.
കഴിഞ്ഞ വർഷം അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്ന ഛെത്രി ഇഗോർ സ്റ്റിമാച്ചിന് പകരം കോച്ചായെത്തിയ മനോളോ മാർക്വേസിന്റെ ക്ഷണമനുസരിച്ചാണ് വിരമിക്കൽ പിൻവലിച്ച് ടീമിൽ തിരിച്ചെത്തിയത്. എന്നാൽ പഴയ ഫോം പുലർത്താൻ കഴിഞ്ഞിരുന്നില്ല. മനോളോ മാറിയശേഷമെത്തിയ ഖാലിദിന്റെ ആദ്യ ടൂർണമെന്റാണ് നേഷൻസ് കപ്പ്. അതേസമയം അധികം പ്രധാന്യമില്ലാത്ത ടൂർണമെന്റാണെന്നതിനാലാണ് നേഷൻസ് കപ്പിൽ ഛെത്രിയെ ഒഴിവാക്കിയതെന്നും ഇന്ത്യയിൽ ഇപ്പോൾ ഛെത്രിയേക്കാൾ മികച്ചൊരു താരമില്ലെന്നും ഖാലിദ് ജമീൽ പറഞ്ഞു.
നേഷൻസ് കപ്പിനുള്ള 23 അംഗടീമിൽ മലയാളികളായ മിഡ്ഫീൽഡർ ആഷിഖ് കുരുണിയനും സ്ട്രൈക്കർ ജിതിൻ എം.എസും ഉൾപ്പെട്ടിട്ടുണ്ട്. 29ന് തജികിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്തംബർ ഒന്നിന് ഇറാനെയും നാലിന് അഫ്ഗാനേയും നേരിടും.