ഗുരുദേവ ദർശനം സമാധാനത്തിന് മാർഗ്ഗരേഖ: സ്വാമി സച്ചിദാനന്ദ

Tuesday 26 August 2025 12:00 AM IST

ശ്രീനാരായണ ഗുരുദേവന്റെ മതദർശനവും വീക്ഷണവും ലോകസമാധാനത്തിനുളള മാർഗ്ഗരേഖയാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ദുബായിൽ നടന്ന സെന്റനറി സെലിബ്രേഷൻ ഒഫ് ഹിസ്റ്റോറിക് മീറ്റിംഗ് ആൻഡ് കൾച്ചറൽ ഹാർമണിയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. എല്ലാറ്റിനേയും ഒരേയൊരു ഈശ്വരചൈതന്യത്തിന്റെ സ്ഫുരണമായി ഗുരുദേവൻ കണ്ടു. ലോകത്തുള്ള മുഴുവൻ ജനതയെയും ആത്മഭാവത്തിൽ ദർശിച്ചു. നാനാത്വത്തിൽ ഏകത്വവും ഏകത്വത്തിൽ നാനാത്വവും എന്ന അദ്വൈത സത്യത്തെ ജീവിതപദ്ധതിയാക്കി. ഗുരുവിന് എല്ലാ മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ആത്മസഹോദരരായിരുന്നു. മതവരിവർത്തനത്തെയും മതതീവ്രവാദത്തെയും ഗുരു നിരാകരിച്ചു.