പിഴത്തുക തട്ടിപ്പ്: വനിതാ സി.പി.ഒയ്ക്ക് മുൻകൂർ ജാമ്യമില്ല

Tuesday 26 August 2025 12:01 AM IST

കൊച്ചി: ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ശാന്തി കൃഷ്ണന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്. ട്രാഫിക് സ്റ്റേഷനിൽ റൈറ്ററുടെ ജോലിചെയ്തിരുന്നപ്പോൾ ഗതാഗത നിയമലംഘനത്തിന് പിഴയായി അടപ്പിച്ച തുകയിൽനിന്ന് 16.75ലക്ഷംരൂപ തട്ടിയെടുത്തെന്നാണ് കേസ്. യഥാർത്ഥതുക ബാങ്കിൽ അടയ്ക്കാതെ രേഖകളിൽ കൃത്രിമംകാട്ടി തട്ടിയെടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിലവിൽ വാഴക്കുളം സ്റ്റേഷനിൽ ജോലിചെയ്യുന്ന ശാന്തി ഇപ്പോൾ സസ്‌പെൻഷനിലാണ്. 2018 ജനുവരി ഒന്നുമുതൽ 2022 ഡിസംബർ 31വരെ നടത്തിയ തട്ടിപ്പ് ഡി.ഐ.ജി ഓഫീസിൽ നിന്നുള്ള ഓഡിറ്റിലാണ് പുറത്തുവന്നത്.