വാതക ശ്മശാനത്തിൽ തീ പടർന്ന് മൂന്നുപേർക്ക് പൊള്ളലേറ്റു

Tuesday 26 August 2025 12:03 AM IST

റാന്നി : സംസ്കാര ചടങ്ങി​നി​ടെ പൊതുശ്മശാനത്തിൽ തീ ആളി​പ്പടർന്ന് മൂന്നുപേർക്ക് പൊള്ളലേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ റാന്നി​ ജണ്ടായി​ക്കലുള്ള പഴവങ്ങാടി​ പഞ്ചായത്ത് ശ്മശാനത്തിലാണ് സംഭവം. റാന്നി തോട്ടമൺ മേപ്പുറത്ത് പരേതനായ രാജൻ നായരുടെ ഭാര്യാമാതാവ് ജാനകിയമ്മയുടെ സംസ്കാര ചടങ്ങി​നി​ടെയാണ് അപകടം. ജാനകിയമ്മയുടെ ചെറുമക്കളായ രാജേഷ് (40), ജിജോ (41), ഇവരുടെ സുഹൃത്ത് പ്രദീപ് (40) എന്നിവർക്കാണ് പൊള്ളലേറ്റത്. മൃതദേഹം ക്രിമിറ്റോറിയത്തിലെ ഗ്യാസ് ചേംബറി​ൽ വച്ചശേഷം ജിജോ അന്ത്യകർമ്മത്തി​നായി​ കർപ്പൂരം കത്തി​ച്ചപ്പോൾ തീ ആളി പടരുകയായി​രുന്നു. പൊള്ളലേറ്റ മൂവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ശ്മശാനത്തിലെ ജീവനക്കാർ അലക്ഷ്യമായി ഗ്യാസ് തുറന്നുവിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.