യാത്രക്കാർക്കിടയിലേക്ക് ബസ് കുത്തിക്കയറ്റി കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ പരാക്രമം, കൊല്ലാൻ വരുവാണോ?
തിരുവല്ല : "ആളുകളെ കൊല്ലാൻ വരുവാണോ ഈ ബസ് ഡ്രൈവർ..." യാത്രക്കാർ ബഹളംകൂട്ടി ഉച്ചത്തിൽ ചോദിച്ചിട്ടും അതൊന്നും കൂസാതെ തിടുക്കപ്പെട്ട് ഡ്രൈവർ സ്റ്റാൻഡിലെ പാർക്കിംഗ് യാർഡിലേക്ക് ബസ് കുത്തിക്കയറ്റി. സൂപ്പർഫാസ്റ്റ് ബസിൽ കയറിക്കൊണ്ടിരുന്ന യാത്രക്കാർ തിങ്ങിഞെരുങ്ങി പ്രയാസപ്പെട്ട് ലഗേജുകളുമായി വേഗത്തിൽ അകത്തുകയറിയതിനാൽ ജീവൻ പോയില്ല. ഇല്ലായിരുന്നെങ്കിൽ യാത്രക്കാർക്ക് അത്യാഹിതം സംഭവിച്ചേനെ.
ഇന്നലെ രാവിലെ 9.30ന് തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ് സംഭവം. പാലക്കാട് നിന്ന് പത്തനംതിട്ടയിലേക്ക് പോകേണ്ട സൂപ്പർഫാസ്റ്റ് ബസ് സ്റ്റാൻഡിലെ പാർക്കിംഗ് സ്ഥലത്തുനിന്ന് ആളുകളെ കയറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് പന്തളത്തേക്ക് പോകാനായി വന്ന തിരുവല്ല ഡിപ്പോയിലെ ആർ എൻ സി 48 വേണാട് ബസ് യാത്രക്കാർക്കിടയിലേക്ക് കയറ്റിക്കൊണ്ടുവന്നത്. ഡ്രൈവറുടെ വശമായിട്ടുകൂടി ആളുകൾക്ക് നിൽക്കാനുള്ള ഇടംപോലും നൽകാതെ ഡ്രൈവർ ബസ് ചേർത്തുനിറുത്തിയത് നിരവധി യാത്രക്കാരെയാണ് ഭീതിയിലാക്കിയത്. സൂപ്പർഫാസ്റ്റ് ബസിന്റെ ഉള്ളിൽ കയറിപ്പറ്റിയ നിരവധി യാത്രക്കാർ വേണാട് ബസ് ഡ്രൈവർക്കെതിരെ ക്ഷോഭിച്ചു. സൂപ്പർ ഫാസ്റ്റ് ബസ് ഉടനെ പുറപ്പെട്ടതിനാൽ ഡിപ്പോ അധികൃതരോട് പരാതിപ്പെടാൻ സമയം ലഭിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു.
യാത്രക്കാരോടും ആളുകളോടും മാന്യമായി സ്നേഹത്തോടെ പെരുമാറണമെന്ന് വകുപ്പ് മന്ത്രി ഗണേശ് കുമാർ നിരന്തരം ജീവനക്കാരെ ഉപദേശിച്ചിട്ടും ചിലർ ഇപ്പോഴും ഇതൊന്നും അറിഞ്ഞമട്ടില്ല