ജില്ലയിൽ ഓണാഘോഷം 30 മുതൽ സെപ്തംബർ എട്ട് വരെ
പത്തനംതിട്ട: ജില്ലയിലെ ഓണാഘോഷം 30 മുതൽ സെപ്തംബർ എട്ടുവരെ വിപുലമായി ആഘോഷിക്കും. ഓണാഘോഷ വിളംബരജാഥ 30 വൈകിട്ട് നാലിന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ടൗൺ സ്‌ക്വയറിൽ അവസാനിക്കും. വൈകിട്ട് അഞ്ചിന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടർ എസ്.പ്രേം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു.
നഗരസഭാ ചെയർമാൻ അഡ്വ ടി.സക്കീർ ഹുസൈൻ ചെയർമാനായി സംഘാടകസമിതി രൂപീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്, ആന്റോ ആന്റണി എം.പി, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ അഡ്വ.മാത്യു ടി തോമസ്, അഡ്വ.കെ.യു.ജനീഷ് കുമാർ, അഡ്വ.പ്രമോദ് നാരായൺ എന്നിവർ രക്ഷാധികാരികളാണ്. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ജനറൽ കൺവീനറും തിരുവല്ല സബ് കളക്ടർ, എ.ഡി.എം, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ഡി ടി പി സി സെക്രട്ടറി, ആർ ടി ഒ, മുനിസിപ്പൽ സെക്രട്ടറി, വ്യാപാരി, ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ കൺവീനർമാരായും ബ്ലോക്ക്ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ വൈസ് ചെയർപേഴ്സൻമാരായും പ്രവർത്തിക്കും. സമാപന സമ്മേളനം സെപ്തംബർ എട്ടിന് കോന്നിയിൽ നടക്കും. ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. യോഗത്തിൽ എ.ഡി.എം ബി.ജ്യോതി, ഡി ടി പി സി സെക്രട്ടറി കെ.ആർ.ജയറാണി, എന്നിവർ പങ്കെടുത്തു.
വിളംബരജാഥ 30ന് വൈകിട്ട് നാലിന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ
നിന്ന് ആരംഭിച്ച് ടൗൺ സ്‌ക്വയറിൽ അവസാനിക്കും.
സമാപനം സെപ്തംബർ എട്ടിന് കോന്നിയിൽ
ജനപങ്കാളിത്തം ഉറപ്പാക്കി വൈവിദ്ധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
ജോർജ് എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ഉദ്ഘാടന വിളംബര ഘോഷയാത്രയിൽ ജില്ലയുടെ പ്രൗഢി വിളിച്ചോതുന്ന കലാരൂപങ്ങളും പ്രകടനങ്ങളും ഉൾപ്പെടുത്തും. ടൗൺ സ്‌ക്വയർ സാംസ്‌കാരിക പരിപാടിക്ക് വേദിയാകും.
അഡ്വ.ടി.സക്കീർ ഹുസൈൻ
പത്തനംതിട്ട നഗരസഭാ ചെയർമാൻ