ആദിവാസിയെ പൂട്ടിയിട്ട് മർദ്ദിച്ച കേസിൽ ഒന്നാം പ്രതിക്കായി ഇരുട്ടിൽ തപ്പി പോലീസ്
മുതലമട: സ്വകാര്യ റിസോർട്ട് ജീവനക്കാരനായ ആദിവാസിയെ ആറു ദിവസം പട്ടിണിക്കിട്ട് മർദ്ദിച്ച് തടവിലാക്കിയ കേസിൽ ഒന്നാംപ്രതിയും റിസോർട്ട് ഉടമയുമായ എ.പ്രഭുവിനെ(42) പിടികൂടാനാവാതെ പൊലീസ്. വെള്ളിയാഴ്ച വൈകിട്ട് നാട്ടുകാരും പൊലീസും മൂർച്ചക്കുണ്ടിലെ റിസോർട്ടിലെത്തിയപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയതാണ് പ്രഭു. രണ്ടാം പ്രതി പ്രഭുവിന്റെ മാതാവ് രംഗനായകിയെ ശനിയാഴ്ച പൊലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. മുതലമട മൂച്ചൻകുണ്ട് ചമ്പക്കുഴിയിൽ കറുപ്പന്റെ മകൻ വെള്ളയ്യനെ( 54 ) ആണ് പ്രഭു കൂരമായി മർദ്ദിക്കുകയും മുറിയിൽ പൂട്ടിയിട്ട് ആറ് ദിവസം പട്ടണിക്കിടുകയും ചെയ്തത്. സഹജീവനക്കാരൻ തിരുനാവക്കു അരസൻ അറിയിച്ചതിനെ തുടർന്നാണ് ക്രൂരത പുറംലോകം അറിഞ്ഞത്. ഇതിനു പിന്നാലെ റിസോർട്ട് ഉടമയെ പേടിച്ച് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ മൂച്ചൻകുണ്ട് അമ്പലത്തിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. വധശ്രമം, അന്യായമായി തടവിൽ വയ്ക്കൽ, ആദിവാസി പീഡനം, തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രഭുവിനെ പിടികൂടാതെ പൊലീസ് ഒളിച്ചു കളിക്കുകയാണെന്നാണ് ആദിവാസി ദലിത് സംഘടനകളുടെ ആരോപണം. മുൻകൂർ ജാമ്യത്തിന് കോടതിയിൽ സമീപിക്കാൻ ആയിട്ടുള്ള പഴുതുകൾ പ്രതിക്ക് സൗകര്യം ചെയ്തു കൊടുക്കുവാൻ വേണ്ടി മനപ്പൂർവ്വം പിടികൂടാത്തതാണെന്നും ഇവർ ആരോപിക്കുന്നു.
തിരുനാവക്കരസും ക്രൂരതക്കിരയായി
ദൂരൂഹത നിറഞ്ഞ റിസോർട്ടിൽ വെള്ളയ്യന്റേതിനു സമാനമായി താനും പീഡനം അനുഭവിച്ചതായി തിരുനാവുക്കരസൻ പൊലീസിനോട് പറഞ്ഞിരുന്നു. മാസങ്ങൾക്കു മുമ്പ് തർക്കത്തെ തുടർന്ന് പ്രഭു തന്റെ കണ്ണ് അടിച്ചു പൊട്ടിക്കുകയും ഒമ്പത് ദിവസം ക്രൂരമായി മർദ്ദിച്ചു പട്ടിണിക്കിട്ടതായും ഇയാൾ പറഞ്ഞു. തെങ്ങിൻ ചുവട്ടിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി എടുത്ത് കുടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ ഞായറാഴ്ച പ്രഭു വെള്ളയ്യനെ പണിതീരാത്ത കെട്ടിടത്തിൽ തടവിലാക്കിയത്. ഇതറിഞ്ഞെങ്കിലും പേടി മൂലം അരസൻ പുറത്ത് അറിയിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞതോടെ വെള്ളയ്യന്റെ ആരോഗ്യസ്ഥിതി ഗുരുതരമായത് കണ്ട് ദളിത് നേതാവായ ശിവരാജനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ശിവരാജന്റെയും മുതലമട മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കല്പന ദേവിയുടെയും നേതൃത്വത്തിൽ നാട്ടുകാരും കൊല്ലങ്കോട് പൊലീസും സ്ഥലത്തെത്തി വാതിൽ തകർത്താണ് വെള്ളയ്യനെ രക്ഷപ്പെടുത്തിയത്.