തൃത്താല പഞ്ചായത്ത് കെട്ടിടം സീലിംഗ് അടർന്ന് വീണു

Tuesday 26 August 2025 1:27 AM IST
തൃത്താല ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ സീലിങ് പൊട്ടി പൊളിഞ്ഞു വീണ നിലയിൽ

പട്ടാമ്പി: തൃത്താല പഞ്ചായത്ത് കെട്ടിടത്തിന്റെ സീലിംഗ് അടർന്ന് വീണത് ജീവനക്കാരേയും പൊതു ജനങ്ങളെയും ഒരുപോലെ ഭീതിയിലാക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് സീലിംഗ് പൊട്ടി പൊളിഞ്ഞു വീണത്. കോൺക്രീറ്റും പ്ലാസ്റ്റിക്കും അടർന്ന് വീണ് കമ്പികൾ പുറത്തു കാണാം .തൃത്താല ടൗണിന്റെ ഹൃദയ ഭാഗത്തുള്ള ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ മുകൾ നിലയിലാണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. അധികം തിരക്കില്ലാത്ത സമയമായതിനാൽ തലനാരിഴക്കാണ് കാര്യമായ അപകടം സംഭവിക്കാതെ ജനങ്ങൾ രക്ഷപ്പെട്ടത്. പഞ്ചായത്ത് കെട്ടിടത്തിന് അരനൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് പൊതു പ്രവർത്തകൻ മുഹമ്മദ് സക്കീർ പറഞ്ഞു. മാത്രമല്ല, യഥാസമയം ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യാത്തതും കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന്റെ മുകൾ ഭാഗത്തായിട്ടാണ് പൊളിഞ്ഞ് വീണത്. ജനങ്ങൾക്ക് ഒഴിഞ്ഞു മാറാൻ പോലും സാധിക്കാത്ത ദുരവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരെ പൊതു ജനങ്ങൾ ആശങ്ക അറിയിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമീപ വാസിയായ അബ്ദുൽ മജീദ് പറഞ്ഞു. ദിവസേന ആയിരത്തിലധികം ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നുണ്ട്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന ഭീതിയിൽ പലരും വലിയ ആശങ്കയോടെയാണ് ഓഫീസിലേക്ക് പോകുന്നത്. വലിയ അപകടങ്ങൾ സംഭവിക്കുന്നതിനു മുന്നേ മുൻകരുതൽ സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. അതേസമയം വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ കേടുപാടുകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കുമെന്നും തൃത്താല ഗ്രാമ പഞ്ചായത്ത് അധികൃതർ പറഞ്ഞു.