തേങ്ങ കിട്ടാനില്ല,​ കർഷകർക്ക് പ്രിയം മറ്റൊന്ന് ,​ പ്രതിദിനം വിൽക്കുന്നത് ആയിരത്തോളം

Tuesday 26 August 2025 12:30 AM IST

കരുനാഗപ്പള്ളി: നാളികേരം കിട്ടാക്കനിയായി മാറുന്നു. പൊതുവിപണിയിൽ നാളികേരത്തിന്റെ വില ക്രമാതീതമായി ഉയർന്നിട്ടും കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഒരു കിലോ നാളികേരത്തിന് 85 രൂപയായിട്ടും, കർഷകന് ഒരു തേങ്ങയ്ക്ക് 35 രൂപ മാത്രമാണ് ലഭിക്കുന്നത്. ഉത്പാദനക്കുറവാണ് വില വർദ്ധനവിന് പ്രധാന കാരണം. മണ്ടരി രോഗബാധക്ക് ശേഷം കർഷകർ തെങ്ങുകൾക്ക് വേണ്ടത്ര പരിചരണം നൽകാത്തതും ഇതിനൊരു കാരണമാണ്.

കരിക്ക് വിപണി സജീവം

നാളികേരത്തിന് മതിയായ വില ലഭിക്കാതെ വന്നതോടെ കർഷകർ കരിക്ക് വിൽപ്പനയിലേക്ക് തിരിഞ്ഞു. കരുനാഗപ്പള്ളി താലൂക്കിൽ മാത്രം വലുതും ചെറുതുമായ 350-ഓളം കരിക്ക് കടകളുണ്ട്. ഒരു കരിക്ക് കടകളിൽ 60 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ, കർഷകന് 25 രൂപ മാത്രമാണ് ലഭിക്കുന്നത്. കരിക്ക് വിൽപ്പന കൂടിയതോടെ തേങ്ങയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. 100 കരിക്ക് തെങ്ങിൽ കയറി ഇടുന്നതിന് 600 രൂപയും അത് കെട്ടി താഴെയിറക്കാൻ 300 രൂപയും കൂലി നൽകണം. ഇത് കൂടാതെ, കരിക്ക് പെട്ടി ഓട്ടോയിൽ കയറ്റി കടകളിലെത്തിച്ച് 50 രൂപയ്ക്ക് വില്പനക്കാർക്ക് നൽകും. ഒരു കരിക്കിന് 10 രൂപയാണ് ലാഭമായി കച്ചവടക്കാർക്ക് ലഭിക്കുന്നത്. കരുനാഗപ്പള്ളിയിൽ മാത്രം പ്രതിദിനം ആയിരക്കണക്കിന് കരിക്കുകളാണ് വിറ്റഴിയുന്നത്. കരിക്ക് വിൽപ്പന കൂടുന്നത് നാളികേരത്തിന്റെ ഉത്പാദനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.

കേര കർഷകരെ സംഘടിത ശക്തിയാക്കണം

  • നാളികേര ഉത്പാദനം വർദ്ധിപ്പിക്കാനും കർഷകരെ ഈ മേഖലയിൽ നിലനിറുത്താനും അടിയന്തരമായി ഇടപെടേണ്ടത് കൃഷി വകുപ്പാണ്.
  • നിലവിൽ അസംഘടിതരായ കർഷകരെ സംഘടിത ശക്തിയായി മാറ്റാൻ പഞ്ചായത്ത് വാർഡുകൾ തോറും കേരകർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് അവരെ ഒരുമിച്ച് നിറുത്താൻ കൃഷിഭവനുകൾക്ക് സാധിക്കണം.
  • ഇത് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് സഹായകമാകും.
  • അമിതമായി കരിക്ക് വിൽക്കുന്നത് തേങ്ങയുടെ ഉത്പാദനത്തെ ദോഷകരമായി ബാധിക്കുമെന്ന് കർഷകരെ ബോദ്ധ്യപ്പെടുത്തണം.
  • തേങ്ങ ഉത്പാദനത്തിന്റെ പ്രാധാന്യം മനസിലാക്കി അവരെ ഈ പ്രവൃത്തിയിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ട ബോധവത്കരണ പരിപാടികൾ നടത്തേണ്ടത് അത്യാവശ്യമാണ്.