കുടുംബശ്രീ ഓണം മേളകൾ ഇന്നു മുതൽ

Tuesday 26 August 2025 12:31 AM IST

തിരുവനന്തപുരം: കുടുംബശ്രീയുടെ ഓണം വിപണന മേളകൾക്ക് ഇന്ന് തുടക്കം. സെപ്തംബർ നാല് വരെയാണിത്. ജില്ലാതല മേളകളും ഒരു സി.ഡി.എസിൽ രണ്ടുവീതം രണ്ടായിരത്തിലേറെ വിപണന മേളകളുമാണ് സംഘടിപ്പിക്കുന്നത്. 30 കോടിയാണ് പ്രതീക്ഷിക്കുന്ന വിറ്റുവരവ്. മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം 28ന് വൈകിട്ട് നാലിന് തൃശൂർ ടൗൺ ഹാളിൽ മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.

കുടുംബശ്രീ കർഷക സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങളും സൂക്ഷ്മ സംരംഭകർ തയ്യാറാക്കുന്ന ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങളും മേളകളിലുണ്ടാകും. കുടുംബശ്രീയുടെ കാർഷിക പദ്ധതിയായ 'നിറപ്പൊലിമ'യുടെ ഭാഗമായി വിളവെടുക്കുന്ന പൂക്കളും വിപണിയിലെത്തിക്കും. സി.ഡി.എസ് വിപണനമേളകളിൽ അയ്യായിരത്തിലേറെ സംരംഭകരുടെ പങ്കാളിത്തവും ഉറപ്പുവരുത്തും.

കുടുംബശ്രീ ഓണസദ്യയുടെ ബുക്കിംഗ് പുരോഗമിക്കുന്നു. രണ്ടിനം പായസം ഉൾപ്പെടെ ഇരുപതിലേറെ വിഭവങ്ങളടങ്ങുന്നതാണിത്. കുടുംബശ്രീയുടെ ഓൺലൈൻ പ്ളാറ്റ്ഫോമായ പോക്കറ്റ്മാർട്ട് വഴി വിപണിയിലെത്തിച്ച ഓണം ഗിഫ്റ്റ് ഹാമ്പറിനും ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. കുടുംബശ്രീ സംരംഭകർക്കാണ് ഇതിന്റെ വരുമാനം ലഭിക്കുക.