വനിതാ ഉദ്യോഗസ്ഥർക്ക് മോശം സന്ദേശമയച്ചു: എസ്.പിയുടെ മൊഴിയെടുപ്പ് 2ന്
തിരുവനന്തപുരം: വനിതാ എസ്.ഐമാർക്ക് അർദ്ധരാത്രി നിരന്തരം മോശം സന്ദേശങ്ങളയച്ചെന്ന പരാതിയിൽ എ.ഐ.ജിയായ വി.ജി.വിനോദ് കുമാറിന്റെ മൊഴിയെടുക്കും.സെപ്തംബർ രണ്ടിന് എ.ഐ.ജി മെറിൻ ജോസഫാണ് മൊഴിയെടുക്കുക.പൊലീസ് ആസ്ഥാനത്ത് വച്ചാണ് മൊഴി രേഖപ്പെടുത്തുക.ഡി.ജി.പി റവാഡ ചന്ദ്രശേഖറാണ് ആഭ്യന്തര പരിഹാര സമിതിയുടെ അന്വേഷണത്തിന് നിർദ്ദേശിച്ചത്.പരാതി വ്യാജമാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിനോദ്കുമാർ ഡി.ജി.പിക്ക് നൽകിയ പരാതിയും അന്വേഷിക്കും.പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന വിനോദ്കുമാറിനെ അടുത്തിടെയാണ് ക്രമസമാധാന വിഭാഗത്തിൽ എ.ഡി.ജി.പിയുടെ ഓഫീസിൽ എ.ഐ.ജിയായി നിയമിച്ചത്.പത്തനംതിട്ടയിൽ എസ്.പിയായിരിക്കെ വി.ജി.വിനോദ് കുമാർ അർദ്ധരാത്രിയിൽ രണ്ട് വനിതാ എസ്.ഐമാർക്ക് സന്ദേശയങ്ങളയച്ചെന്നാണ് പരാതി. ഇക്കാര്യം ഡി.വൈ.എസ്.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഡി.വൈ.എസ്.പിയെയും മാനസികമായി എസ്.പി പീഡിപ്പിച്ചുവെന്നാണ് ഡി.ഐ.ജി അജീതാ ബീഗത്തിന് നൽകിയ പരാതിയിൽ പറയുന്നത്.തെളിവുകൾ പരിശോധിച്ച ശേഷം പോഷ് ആക്ട് പ്രകാരം നടപടി വേണമെന്ന് ഡി.ഐ.ജി ശുപാർശ ചെയ്തിട്ടുണ്ട്.അതേസമയം ഉദ്യോഗസ്ഥരുടെ ഫോണിൽ വിളിച്ചിട്ടുള്ളതും സന്ദേശങ്ങൾ അയച്ചതും ജോലിയുമായി ബന്ധപ്പെട്ടുമാത്രമാണെന്ന് വി.ജി വിനോദ്കുമാർ പറഞ്ഞു.